കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശീതകാല വിമാന ഷെഡ്യൂള്‍ നിലവില്‍ വന്നു. വിമാന സമയങ്ങളില്‍ ചെറിയ മാറ്റങ്ങളും, ജെറ്റ് എയര്‍, ഇത്തിഹാദ്, ഖത്തര്‍ എയര്‍വെയ്സ്, എയര്‍ഇന്ത്യ എന്നിവ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചുമാണ് ശീതകാല വിമാന ഷെഡ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്. കരിപ്പൂരില്‍നിന്ന് അബൂദാബിയിലേക്കുളള ഇത്തിഹാദ് എയര്‍ ആഴ്ചയിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ പുലര്‍ച്ചെ 3.25ന് എത്തി 4.30ന് തിരിച്ച് പോകും. പിന്നീട് രാവിലെ 8.30ന് എത്തി 9.35ന് പോകും, ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന അധികസര്‍വീസ് രാത്രി 8.15ന് വന്ന് 9.25ന് പോകും.ഇതോടെ ഇത്തിഹാദ് സര്‍വീസ് അഞ്ചാകും.
ജെറ്റ് എയര്‍വെയ്സ് ദോഹ സര്‍വീസിനു പുറമെ ഷാര്‍ജയിലേക്ക് 30 മുതല്‍ പ്രത്യേക സര്‍വീസ് ആരംഭിക്കും. മസ്കറ്റിലേക്കുളള ഒമാന്‍ എയര്‍് 9.25ന് വന്ന് 10.15 ന് പോകുന്ന രീതിയിലേക്ക് സര്‍വീസ് ക്രമീകരിച്ചു. ദോഹയിലേക്കുളള ഖത്തര്‍ എയര്‍ രാവിലെ എട്ടിനെത്തി 9ന് കരിപ്പൂരില്‍ നിന്ന് തിരിച്ചു പോകും. എയര്‍ അറേബ്യ പുലര്‍ച്ചെ 2.55ന് എത്തി 3.40ന് തിരിച്ചു ഷാര്‍ജക്ക് പോകും.
ഡിസംബര്‍ രണ്ടു മുതലാണ് റിയാദ് സെക്ടറിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്. ബോയിംഗ് 737 ഇനത്തില്‍ പെട്ട വിമാനം 185 യാത്രക്കാരെ ഉള്‍ക്കൊളളുന്നതാണ്.യാത്രക്കാരന് ഏഴു കിലോ ഹാന്റ് ബാഗും കൊണ്ടുപോകാം. ഞായര്‍,തിങ്കള്‍,ബുധന്‍,വെളളി ദിവസങ്ങളിലാണ് റിയാദ് സര്‍വീസ്. റിയാദില്‍ നിന്ന് ഉച്ചക്ക് 1.15 പുറപ്പെടുന്ന വിമാനം രാത്രിയോടെ കരിപ്പൂരിലെത്തും. രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് യാത്രക്കാരുമായി മടങ്ങും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നിലച്ച ജിദ്ദ, റിയാദ് മേഖലകളില്‍ സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യാ എക്സ്പ്രസ് രംഗത്ത് വന്നത്.
ഒക്ടോബര്‍ 25 മുതല്‍ മാര്‍ച്ച് 30 വരെയാണ് ശീതകാല വിമാന ഷെഡ്യൂള്‍. ഏപ്രില്‍ ഒന്നുമുതലാണ് വേനല്‍ക്കാല പുതിയ ഷെഡ്യൂള്‍ വരിക. കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുളള എയര്‍ഇന്ത്യ സമയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.