ബോളിവുഡിലെ കാമുകന്മാരില് മുൻനിരയിലാണ് സൂപ്പർ താരം സൽമാൻ ഖാൻ. എല്ലാകാലത്തും സൽമാൻ ഖാനൊപ്പം ചേർത്ത് ഓരോ പേര് കേൾക്കുന്നത് ബോളിവുഡിൽ പതിവായിരുന്നു. ഇതിൽ ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെ ഉൾപ്പെടുന്നു. ഇവരിൽ പലരുമായും വിവാഹത്തിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു. സംഗീത ബിജ്ലാനിയുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു പിന്മാറ്റം. ഇത്തരത്തിൽ താരത്തിന്റെ പ്രണയ കഥകളെല്ലാം എന്നും ബോളിവുഡിൽ പ്രധാന ചർച്ച വിഷയമായിരുന്നു.
എല്ലാവർക്കും അറിയാവുന്ന കഥകളാണ് കൂടുതലെങ്കിലും താരത്തിന്റെ ആദ്യകാല പ്രണയത്തെക്കുറിച്ച് നടി കിയാര അദ്വാനി നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാവുകയാണ്. സൽമാന്റെ ആദ്യകാല കാമുകിമാരിൽ ഒരാൾ കിയാരയുടെ അമ്മയുടെ ഇളയ സഹോദരിയായിരുന്നവെന്നാണ് താരം പറയുന്നത്. അമ്മ ജെനവീവ് അദ്വാനിയാണ് സല്മാൻ ഖാന് തന്റെ സഹോദരിയായ ഷഹീനയെ പരിചയപ്പെടുത്തുന്നതെന്ന് കിയാര പറയുന്നു.
അമ്മയാണ് ഷഹീന ചെറിയമ്മയെ പരിയചപ്പെടുത്തുന്നത്. സല്മാന് സാറും ചെറിയമ്മയും പ്രണയത്തിലായിരുന്നു. അതാകും രണ്ടു പേരുടെയും ആദ്യത്തെ പ്രണയവും. എന്റെ അമ്മയ്ക്കും സല്മാന് സാറിനും ചെറുപ്പം മുതലേ പരസ്പരം അറിയാം. അവര്‍ രണ്ടു പേരും ഒരുമിച്ച് വളര്‍ന്നവരാണ്. താനൊരു താരമാകുമെന്ന് അദ്ദേഹം അമ്മയോട് എന്നും പറയുമായിരുന്നു.
അവര്‍ കാലങ്ങളായി സുഹൃത്തുക്കളാണ്. ഇതെല്ലാം സൽമാൻ ഖാൻ സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള കാര്യങ്ങളാണ്. ഇരുവരുടെയും വീട്ടുകരും നല്ല അടുപ്പത്തിലായിരുന്നു- കിയാര പറയുന്നു.അതേസമയം സംഗീത ബിജ്ലാനിയുമായുള്ള അടുപ്പമാണ് സല്‍മാനും ഷഹീനയും പിരിയാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.
സൽമാനുമായി വളരെയധികം അടുപ്പത്തിലായിരുന്ന ഷഹീനയെ വേർപിരിയൽ കാര്യമായിതന്നെ ബാധിച്ചു. പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവർ ജോലി ചെയ്യാൻ ആരംഭിച്ചു. ആ ഇടയ്ക്കാണ് എയർലൈൻസിൽ ജോലി ചെയ്യുകയായിരുന്ന ഷഹീന ബിസിനസുകാരന് വിക്രം അഗര്‍വാളിനെ പരിചയപ്പെടുന്നത്. 1994ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്.
സംഗീതയുമായുള്ള സൽമാന്റെ ഖാന്റെ ബന്ധവും വിവാഹത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏതൊരാൾക്കും. വിവാഹത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടം വരെ എത്തിയതുമാണ്. കൃത്യമായി പറഞ്ഞാൽ ക്ഷണക്കത്തും വിവാഹ വേദിയുമെല്ലാം തയാറായിരുന്നു. എന്നാല്‍ അവസാന നിമിഷം സല്മാന് ഖാന്‍തന്നെ വിവാഹത്തില്‍നിന്നു പിന്മാറി. പിന്നീട് സോമി അലി, ഐശ്വര്യ റായ്, കത്രീന കെയ്ഫ് തുടങ്ങി പലരുമായി സല്മാന് ഖാന് പ്രണയത്തിലായി. ഈ പ്രണയങ്ങളൊന്നും വിജയിച്ചില്ലെന്നു വേണം പറയാൻ. താരം 59ാം വയസിലും അവിവാഹിതനായി തുടരുകയാണ്.