മങ്കൊന്പ്: അശാസ്ത്രീയ നിർമാണവും പാടശേഖരങ്ങളിലെ വെള്ളംകയറിക്കിടക്കുന്നതും കാരണം തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡിനെ ഒഴിവാക്കി മറ്റു റൂട്ടുകളിലൂടെ കുട്ടനാട്ടിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി ഭാഗികമായി പുനരാരംഭിച്ചു. വാലടി റോഡിലൂടെയുള്ള ഗതാഗതം ദുരിതപൂര്‍ണവും അപകടകരവുമായ സാഹചര്യത്തില്‍ ഇന്നലെ മുതലാണ് ഈ റൂട്ടിൽ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് പറാല്‍, കുമരങ്കരി വഴി നാരകത്തറവരെയും കുറിച്ചി, കൈനടി വഴി കൃഷ്ണപുരം വരെയുമാണ് ഇന്നു രാവിലെ മുതൽ ബസ് സര്‍വീസുകൾ ആരംഭിച്ചിട്ടുള്ളത്. തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലും അത്യാവശ്യ സര്‍വീസുകളാണ് നടത്തുന്നത്. താത്കാലിക അറ്റകുറ്റപ്പണികളെങ്കിലും നടത്തി ഗതാഗതയോഗ്യമാക്കും വരെ തുരുത്തി വാലടി റോഡിൽ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടി.
നാലു ബസുകള്‍ 64 ട്രിപ്പുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. തകര്‍ന്ന റോഡിലൂടെ ഓടിയ രണ്ടു ബസുകള്‍ അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പില്‍ കയറ്റിയിരിക്കുകയാണ്. രണ്ട് കണ്ടക്ടര്‍മാരും ശാരീരിക അസ്വാസ്ഥ്യംമൂലം ചികിത്സയിലാണ്.വീയപുരം മുതല്‍ എടത്വ-പുതുക്കരി-മാമ്പുഴക്കരി- കിടങ്ങറ-കുന്നംകരി-വാലടി വഴി മുളക്കാന്തുരുത്തി വരെ 21.457 കിലോമീറ്റർ ദൈര്‍ഘ്യമുള്ള റോഡിന്റെ നവീകരണത്തിനായുള്ള കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തുരുത്തി മുതൽ മുളയ്ക്കാംതുരുത്തി വരെയുള്ള മികച്ച റോഡായിരുന്നു കരാറുകാർ ആദ്യം കുത്തിപ്പൊളിച്ചു പണി തുടങ്ങിയത്.
ഇരു വശങ്ങളിലും ഓട പണിത് റോഡിന്റെ നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ കൂടി നഷ്ടമായതോടെ അശാസ്ത്രീയ രൂപകൽപ്പനയെക്കുറിച്ചുള്ള പരാതികൾ ശക്തമായിരുന്നു.പാടശേഖരത്തിലെ ജലനിരപ്പ് താഴ്ന്നുവരുന്ന മുറയ്ക്ക് വാലടിയില്നിന്നു കിടങ്ങറ വരെയുള്ള തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി തോമസ് കെ. തോമസ് എംഎല്‍എ അറിയിച്ചിട്ടുണ്ട്.കരാര്‍ കമ്പനിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കാത്തു നില്‍ക്കാതെ താല്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നതായാണ് എംഎല്‍എ അറിയിച്ചിട്ടുള്ളത്.
അതേസമയം പാടശേഖരത്തിലെ ജലനിരപ്പ് താഴ്ന്നിട്ടു പണി തുടങ്ങാനാണെങ്കിൽ മഴക്കാലം കഴിയുന്നതു വരെയോ പാടത്തു നെൽക്കൃഷിക്കായുള്ള പന്പിംഗ് ആരംഭിക്കുന്നതു വരെയോ കാത്തിരിക്കേണ്ടതായി വരും.ശൃംഖലയായി കിടക്കുന്ന പാടശേഖരങ്ങൾക്കുള്ളിലൂടെയാണ് കാവാലം സെക്ടറിലെ റോഡുകളെല്ലാം കടന്നുപോകുന്നത്. ജലനിരപ്പ് ഉയരുന്പോഴെല്ലാം പാടശേഖരങ്ങളിൽനിന്നു വെള്ളംകയറുന്നതാണ് റോഡിന്റെ തർച്ചയ്ക്കു കാരണം.