കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. സിനിമയിൽ രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട നിർമാതാക്കളുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് കോടതിയിൽ അറിയിച്ചത്.
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം.
ചിത്രത്തിലെ കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചു. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും. മലയാളമടക്കം അഞ്ചുഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത് അതിനാൽത്തന്നെ രാജ്യമൊട്ടാകെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ വ്രണപ്പെടുത്തുമെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
ജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
