കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കുന്നില്ല. സവര്‍ണ ജന്മികളായ സൗക്കാര്മാരുടെ തോട്ടങ്ങളിലെ ആവര്‍ത്തിക്കുന്ന ദുരൂഹമരണങ്ങളുടെ ചുരുള്‍ നിവരുന്നുമില്ല.
പട്ടിണിയും പരിവട്ടവും ഒഴിയാത്ത വയനാട്ടിലെ ഗോത്രവാസികള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെത്തി ഭൂവുടമകള്‍ക്ക് അടിമവേല ചെയ്യുകയാണ്. കഠിനവേലയും മര്‍ദനവും ദുരൂഹമരണങ്ങളുമൊക്കെ കാലങ്ങളായി തോട്ടങ്ങളില്‍ നടമാടുന്നു. ഇഞ്ചിയും മഞ്ഞളും നെല്ലും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന തോട്ടങ്ങളിലെ അരണ്ട വെളിച്ചമുള്ള കുടുസു മുറികളില്‍ അധസ്ഥിത തൊഴിലാളികളുടെ നൊമ്പരവും നെടുവീര്‍പ്പും പുറംലോകം അറിയുന്നില്ല. ചോറും അല്പം കറിയുമാണ് ഇവരുടെ ഭക്ഷണം. കാട്ടുചോലകളിലാണ് കുടിവെള്ളം. ഒരിടത്തും ശൗചാലയങ്ങളില്ല.
ചില തോട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ട്. ഒപ്പം അവരുടെ കുഞ്ഞുങ്ങളുമുണ്ടാകും. രാവിലെ പണിക്കിറങ്ങിയാല്‍ നേരം ഇരുളുമ്പോഴാണ് ജോലി തീരുക. കുടകില്‍ ജീവിതം ഹോമിക്കുന്നതേറെയും വയനാട്ടില്‍ കിടപ്പാടം ഇല്ലാത്ത പണിയ, കാട്ടുനായ്ക്ക, അടിയ ഗോത്രവിഭാഗക്കാരാണ്. മുന്‍കാലങ്ങളില്‍ നാട്ടില്‍ കൂലിപ്പണി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വനനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇവര്‍ക്ക് കുടകിലേക്കും ഷിമോഗയിലേക്കും കൂലിവേല തേടിപ്പോകേണ്ടിവന്നു.
എട്ടു മണിക്കൂര്‍ നീളുന്ന പണിക്ക് പരമാവധി കൂലി അഞ്ഞൂറു രൂപയാണ്. ഇതില്‍നിന്ന് 80 രൂപ ഇവരെ പണിക്ക് എത്തിക്കുന്ന ഇടനിലക്കാരന് കൊടുക്കണം. കൂറ്റന്‍ മതിലും കമ്പിവേലിയും കാവല്‍ക്കാരും വേട്ടനായ്ക്കളുമുള്ള തോട്ടങ്ങളില്‍ നിന്ന് അടിമത്തൊഴിലാളിക്ക് ഒളിച്ചോടുക എളുപ്പമല്ല. വനത്തിലൂടെ രക്ഷപ്പെടാമെന്നു വച്ചാല്‍ കാട്ടാനയും കടുവയും പുലിയും പിടിക്കും.
കൂറ്റന്‍ മതില് ചാടിക്കടന്നാല്‍ കാവല്‍നായകള്‍ കടിച്ചുകീറും. ഒളിച്ചോട്ടം കണ്ണില്‍പ്പെട്ടാല്‍ ക്രൂരമര്‍ദനം ഉള്‍പ്പെടെ ശിക്ഷ ലഭിക്കും. ഇത്തരത്തില്‍ ആദിവാസികള്‍ ജന്മിമാരുടെ പണയ വസ്തുവായി മാറുന്ന ദുരവസ്ഥ.
ജന്മികളുടെ ചൂഷണത്തില്‍ സങ്കരശിശുക്കള്ക്ക് ജന്മം നല്കിയ സ്ത്രീകളുണ്ട്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. രണ്ട് പീഡനകേസുകള്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ദിവസവും പണിയിടത്ത് തൊഴിലാളികള്‍ക്ക് സൗക്കാര്മാരുടെ കങ്കാണികള്‍ വാറ്റുചാരായം കൊടുക്കാറുണ്ട്. വില കുറഞ്ഞ വിദേശമദ്യവും കുടകില്‍ ലഭ്യമാണ്.
ലഹരിക്ക് അടിമപ്പെടുന്നവരില്‍ പലരും ഇവിടം വിട്ടുപോരാതെ അടിമപ്പണി ചെയ്യുന്നു. മിക്ക കാപ്പിത്തോട്ടങ്ങളിലും തോട്ടം ഉടമകളും അവരുടെ സഹായികളും തോക്കുമായാണ് നടപ്പ്. കൂലി കൂട്ടി ചോദിച്ചാല്‍ തോക്കിന്റെ പാത്തികൊണ്ട് തല്ലും. വാക്കു തര്ക്കുണ്ടായാല് വെടിവയ്ക്കാനും മടക്കില്ല. 2019 മുതല്‍ 2023 വരെ ഗോത്രവാസികളായ പത്ത് പേര് കുടകില്‍ ജോലിക്കുപോയവര്‍ മരിച്ചതായി പട്ടികജാതി വകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖ പറയുന്നു.
ദുരൂഹതയൊഴിയാതെ
2023 ജനുവരിയിലാണ് വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് (49) കുടകില്‍ പണിക്കു പോയത്. കൂടെ പോയവരൊക്കെ തിരിച്ചെത്തി രണ്ടര മാസം കഴിഞ്ഞിട്ടും ശ്രീധരന് എത്താതായതോടെ ബന്ധുക്കള്‍ വെള്ളമുണ്ട പൊലീസില്‍ പരാതി നല്കി. അനുജന് അനിലിനൊപ്പം പൊലീസ് കുടക് ഉതുക്കേരിയിലെത്തിയപ്പോള് ശ്രീധരന് കുളത്തില്‍ മുങ്ങിമരിച്ചതായി ഗോണിക്കുപ്പ പൊലീസ് പറഞ്ഞു.
ജീര്‍ണിച്ച മൃതദേഹം അഞ്ച് ദിവസം മടിക്കേരി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ബന്ധുക്കള്‍ എത്താത്തതിനാല്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചിരുന്നു. മരിച്ചുകിടക്കുന്ന ശ്രീധരന്റെ ഒരു ചിത്രവും ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു പിടി മുടിയും മാത്രമാണ് തിരികെ ലഭിച്ചത്. അതുപയോഗിച്ചാണ് മരണാനന്തര കര്‍മങ്ങള്‍ നടത്തിയത്. തോട്ടം ഉടമ മര്‍ദിച്ചുകൊലപ്പെടുത്തിയ ശേഷം കുളത്തില്‍ എറിഞ്ഞു കളഞ്ഞതായാണ് ബന്ധുക്കളുടെ സംശയം.
വായില്‍ ആഴത്തില്‍ മുറിവും കാലില്‍ മര്‍ദനമേറ്റ പാടും ഉണ്ടായിരുന്നതായി മൃതദേഹം കണ്ടവര്‍ അനിലിനോടു പറഞ്ഞിരുന്നു. ശ്രീധരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇംഗ്ലീഷിലായതിനാല്‍ വായിച്ചു മനസിലാക്കാന്‍ പണിയ ഗോത്രവാസി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിനായില്ല.
കുളത്തിന് കാര്യമായ ആഴമില്ലെന്നും മരിച്ചു കിടന്ന തോട്ടത്തില്‍ ശ്രീധരന് ജോലിചെയ്തിട്ടില്ലെന്നും അനില്‍ പറയുന്നു. ഭാര്യ വസന്തയും ആറു മക്കളുമുള്ള ശ്രീധരന്റെ കുടുംബം മൂത്തമകള്‍ പ്രിയയുടെ തൊഴിലുറപ്പ് കൂലി കൊണ്ടാണ് ഇപ്പോള്‍ കഴിയുന്നത്.
അമ്മയുടെ കാത്തിരിപ്പ്
കുടകിലെ ബിരുണാണിയില്‍ ചെറിയൊരു തോട്ടിലാണ് മാനന്തവാടി ബാവലി ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടെയും മകന് ബിനീഷിന്റെ (33) മൃതദേഹം കണ്ടെത്തിയത്. 2023 സെപ്റ്റംബര്‍ 20ന് നടന്ന ദുരൂഹമരണത്തില്‍ തുടര്‍ അന്വേഷണമുണ്ടായില്ല.
പോസ്റ്റ്മോര്‍ട്ടത്തില്‍ സ്വാഭാവിക മരണം എന്നാണ് കുറിച്ചിരിക്കുന്നത്. ബിനീഷ് തോട്ടം ഉടമയുടെ മര്‍ദനമേറ്റാണ് മരിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. മരണത്തില്‍ ഒരുപാട് ദുരൂഹതകളുണ്ടെന്നും ഇതേക്കുറിച്ചു അന്വേഷണം വേണമെന്നും വയോധികയും അങ്കണവാടി ഹെല്‍പ്പറുമായ അമ്മ സുധ പറഞ്ഞു.
അരുണിന്റെ തിരോധാനം
ആറ് വര്‍ഷം മുന്‍പാണ് പനവല്ലി കാളിന്ദി കോളനിയിലെ അരുണ്‍ കുടക് ശ്രീമംഗളയിലേക്ക് പോയത്. അവിടെ പണിയിടത്തില്‍ പരിചയപ്പെട്ട ഒരു സ്ത്രീയും അവരുടെ കുട്ടിയുമായി നാട്ടിലേക്ക് അരുണ്‍ മടങ്ങി.
രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു ഇവര്‍ക്ക് ജോലി. അഞ്ഞൂറു രൂപ ദിവസക്കൂലി പറഞ്ഞെങ്കിലും സൗക്കാര് കൊടുത്തത് നാനൂറു രൂപ. അത് ചോദ്യം ചെയ്തപ്പോള്‍ കഠിനമായി മര്‍ദിച്ചു. തല്ല് സഹിക്കാനാവാതെ അരുണും കൂടെപ്പാര്ത്തിരുന്ന സ്്ത്രീയും കുട്ടിയുമായി നാട്ടിലേക്ക് ഓടിപ്പോരുകയായിരുന്നു.
വയനാട്ടിലെത്തി കാട്ടിക്കുളത്ത് പനവല്ലിയില്‍ സഹോദരിയുടെ വീട്ടില്‍ കഴിയുമ്പോള്‍ കുടകില്നിന്നെത്തിയ ഗുണ്ടാസംഘം സ്ത്രീയെയും കുട്ടിയെയും ജീപ്പില്‍ കയറ്റി കൊണ്ടുപോയി. സ്ത്രീ ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും അവര്‍ കുട്ടിയെ കൊണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടുമെത്തി സ്ത്രീയെ കൈയും കാലും കെട്ടി ജന്മിയുടെ ഗുണ്ടാസംഘം കൊണ്ടുപോയി. ഇതിനിടയില്‍ അരുണിനെ കാണാതാവുകയും ചെയ്തു.
കൈയില്‍ തോക്കുണ്ടെന്നും എതിര്‍ത്താല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. സഹോദരി ഗൗരി തിരുനെല്ലി പൊലീസില്‍ നല്കിയ പരാതിയില്‍ അരുണിനെ ചോമണി എന്ന തോട്ടം ഉടമയുടെ വീട്ടില്‍നിന്ന് കണ്ടെത്തി.
അരുണിനെ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റില്‍ ഹാജരാക്കിയെങ്കിലും തോട്ടമുടമയുടെ ഭീഷണിയെത്തുുടര്ന്ന് അയാള്‍ കുടകിലേക്ക് മടങ്ങി. അരുണിന്റെ സുരക്ഷയില്‍ ആശങ്കയോടെ കഴിയുകയാണ് സഹോദരി ഗൗരി. ജോലി സ്ഥലത്ത് പീഡനമായിരുവെന്നും മദ്യം കൊടുത്ത് രാവും പകലും പണിയെടുപ്പിച്ചിരുന്നതായും ബന്ധുവായ സുനില്‍ പറഞ്ഞു.
അവര്‍ക്ക് എന്തു പറ്റി
വയനാട്ടില്‍ നീതിവേദി എന്ന മനുഷ്യാവകാശ സംഘടന നടത്തിയ പീപ്പിള്‍സ് ട്രൈബ്യൂണലില്‍ കുടക് തോട്ടങ്ങളില്‍ പലപ്പോഴായി 22 ഗോത്രവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. പണിക്കുപോയ പതിനാറു പേര് തോട്ടങ്ങളില്‍നിന്ന് മടങ്ങിവന്നത് ക്രൂര മര്‍ദനമേറ്റാണ്.
മരണങ്ങളും പീഡനങ്ങളും പതിവായതോടെ ദുരൂഹതയ്ക്ക് അറുതിവരുത്താന്‍ പാടങ്ങളിലേക്കും തോട്ടങ്ങളേക്കും പോകുന്നവരുടെ വിവരങ്ങള്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലും പോലീസ് സ്റ്റേഷനിലും നല്‍കണമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.
നിരക്ഷരായ ആദിവാസികള്‍ ഇതൊന്നുമറിയാതെ ഇയ്യാംപാറ്റകളെപ്പോലെ പണിയിടങ്ങളില്‍ പിടഞ്ഞു വീഴുന്നു. ദുരൂഹമരണങ്ങളും തിരോധാനങ്ങളും ഒരിക്കലും അന്വേഷണവിധേയമാകുന്നില്ല. ഇന്ത്യയില്‍ ഏറ്റവുമധികം കാപ്പി ഉത്പാദനമുള്ള ജില്ലയാണു കുടക്.
തൊഴുത്തുകളെക്കാള് മോശമായ ലായങ്ങളില്‍ ദുരിതപ്പെടുന്നവര്‍ ഏറെയാണ്. വയനാട് ജില്ലയുടെ അതിര്‍ത്തിയാണ് പെരിക്കല്ലൂര്‍. അവിടെനിന്നും കബനി നദി കടന്നാല്‍ കര്‍ണാടകമായി. ഇരുപതു കിലോമീറ്റര്‍ പിന്നിട്ടാല്‍ കുടക് ജില്ലയാണ്. വന്‍കിട തോട്ടങ്ങളും കൃഷിയിടങ്ങളുമുള്ള പ്രദേശം. ഇവിടേക്കാണ് വയനാട്ടില്‍ നിന്ന് ജോലി തേടി ആദിവാസികള്‍ പോകുന്നത്. (തുടരും).
റെജി ജോസഫ്