മങ്കൊമ്പ്: ചങ്ങനാശേരിയില്‍ നിന്നു കുട്ടനാട്ടിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥ പൊതു ഗതാഗതത്തിനു ഭീഷണിയാകുന്നതായി പരാതി. ഇന്ന് രാവിലെ 7.30 നു കാവാലത്തുനിന്നു ചങ്ങനാശേരിയിലേക്കുവന്ന ബസില്‍ പറാലില്‍ വച്ച് കേബിള്‍ കുരുങ്ങി പോസ്റ്റ് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു.
തലനാരിഴയ്ക്കാണു വന്‍ ദുരന്തം ഒഴിവായത്. ഇടുങ്ങിയ റോഡിലേക്കു വളര്ന്നുനില്ക്കുന്ന മരച്ചില്ലകളും അലക്ഷ്യമായി വലിച്ചിരിക്കുന്ന കേബിളുകളുമെല്ലാം ഗതാഗത തടസം സൃഷ്ടിക്കുന്നത് ഈ റൂട്ടില്‍ പതിവാണ്. വാലടി ഭാഗത്താണെങ്കില്‍ വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും നവീകരണത്തിന്റെ പേരില്‍ അനാവശ്യമായി പണിതുയര്‍ത്തിയ ഓടകള്‍ വാഹനങ്ങൾക്കു സൈഡ് കൊടുക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.
കെഎസ്ടിപി പദ്ധതിയുടെ പരിധിയില്‍ വരുന്ന വാലടിയില്‍ നിന്നു തുരുത്തിവരെയുള്ള റോഡ് നിശ്ശേഷം തകര്‍ന്നതിനാലും പാടശേഖരങ്ങളിലെ വെള്ളക്കെട്ട് അപകടത്തിനിടയാക്കിയേക്കാമെന്നു ഭയന്നുമാണ് ഈ റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വീസുകളെല്ലാം പറാല്‍ വഴി തിരിച്ചുവിട്ടത്. പറാലില്‍ പോസ്റ്റ് വീണതിനെ തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ ഈ റൂട്ടില്‍ വീണ്ടും വണ്ടിയോടിത്തുടങ്ങിയിട്ടുണ്ടെങ്കിലും, അപകടസാഹചര്യങ്ങള്‍ പരിഹാരമാകാതെ തുടരുന്നത് ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്.
ചങ്ങനാശ്ശേരി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന തുരുത്തി മുതല്‍ മുളയ്ക്കാംതുരുത്തി വരെയുള്ള ഭാഗത്ത് റോഡിലുണ്ടായിരുന്ന വലിയ കുഴികളെല്ലാമടച്ച് മക്കിട്ടെങ്കിലും കുട്ടനാട്ടിലെ വാലടി ഭാഗം ഇപ്പോഴും നിശേഷം തകര്‍ന്നു കിടക്കുകയാണ്.
ജലനിരപ്പുയരുമ്പോള്‍ റോഡ് വെള്ളത്തിലാകാത്തവിധം പാടശേഖരങ്ങളിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കണമെന്ന് നാട്ടുകാര്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും അതിനുള്ള ശ്രമങ്ങള്‍ പോലും ആരും നടത്തുന്നില്ലെന്നാണ് ആക്ഷേപം.