തൃക്കൊടിത്താനം: ഓണക്കാലത്ത് വീടു പൂട്ടി ബന്ധു വീടുകളിലേക്കു പോകുന്നവര്‍ ശ്രദ്ധിക്കുക, മോഷ്ടാക്കള്‍ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്.അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കള്‍ പതിനടക്കുകയാണ്.
കോട്ടമുറി ഭാഗത്ത് പൂട്ടിക്കിടന്ന അനുഗ്രഹ വീട്ടില്‍ രാജേന്ദ്രന് പിള്ളയുടെ വീട്ടില്‍ കഴിഞ്ഞദിവസം മോഷണ ശ്രമമുണ്ടായി. വീടിന്റെ പൂട്ടിന്റെ ഭാഗം തീയിട്ട് നശിപ്പിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനുള്ളിലെ കാമറകള്‍ തകര്‍ത്ത നിലയിലാണ്.
മുഖംമൂടി ധരിച്ചയാളുടെ ദൃശ്യം വീടിനു പുറത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെയാണ് മോഷണശ്രമമെന്നു കരുതുന്നു. സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. വീട്ടുകാര്‍ നാളുകളായി രാജസ്ഥാനിലാണ്.
ബുധനാഴ്ച രാവിലെ ഇവരുടെ ബന്ധു വീട്ടിലെത്തി നോക്കുമ്പോഴാണ് വാതിലിന്റെ പൂട്ടിന്റെ ഭാഗം തീയിട്ട് തകര്‍ത്തത് കണ്ടത്. തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു.