ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം.
പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്.
ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്. പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്.
യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം.വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.