കൊല്ലം: ദക്ഷിണ റെയിൽവേയിൽ മികച്ച കാര്യക്ഷമതയ്ക്കുള്ള ആറ് പുരസ്കാരങ്ങൾ തിരുവനന്തപുരം ഡിവിഷന്. ഇത് കൂടാതെ 15 വ്യക്തിഗത അവാർഡുകൾക്കും ഡിവിഷനിലെ ഉദ്യോഗസ്ഥർ അർഹരായി. ദക്ഷിണ റെയിൽവേയുടെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി യിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ.സിംഗാണ് പുരസ്കാരങ്ങളും വ്യക്തിഗത അവാർഡുകളും വിതരണം ചെയ്തത്.കൊമേഴ്സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻ്റ് ടെലികമ്യൂണിക്കേഷൻസ് എന്നിവയിലാണ് തിരുവനന്തപുരം ഡിവിഷൻ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം നേടിയത്.
ഇത് കൂടാതെ ഇന്റർ ഡിവിഷണൽ ഓവറാൾ എഫിഷ്യൻസിക്കുള്ള റണ്ണേഴ്സ് അപ്പ് ഷീൽഡ് ചെന്നൈ ഡിവിഷനുമായി സംയുക്തമായി പങ്കിടുകയും ചെയ്തു.തിരുവനന്തപുരം ഡിഷനു വേണ്ടി പുരസ്കാരങ്ങൾ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഏറ്റുവാങ്ങി.
ഡോ. ശോഭ ജാസ്മിൻ, വൈ.സെൽവിൻ, മീര വിജയരാജ്, കെ.പി.രഞ്ജിത്ത്, ഡോ. ലിവിന നരേന്ദ്രൻ തുടങ്ങിയവർ അടക്കം 15 പേർക്കാണ് വിശിഷ്ട റെയിൽ സേവാ പുരസ്കാരം ലഭിച്ചത്. 2024-25 കാലയളവിൽ ഭക്ഷിണ റെയിൽവേയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ ചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.