കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഡൽഹി റാക്കറ്റെന്നു വിവരം.
കഴിഞ്ഞദിവസത്തെ മിന്നൽ പരിശോധനയുടെ ചുവടുപിടിച്ച് കോയന്പത്തൂരിലെ ഇടനിലക്കാരിലേക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്(ഇഡി) സംഘത്തിനു ഡൽഹിയിലെ റാക്കറ്റിനെക്കുറിച്ചാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ റാക്കറ്റിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇതോടെ വാഹനക്കടത്തിൽ ഒന്നിലധികം സംഘങ്ങളുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ഇഡിയും ശരിവച്ചിരിക്കുകയാണ്.കോയന്പത്തൂരിലെ സംഘത്തിൽനിന്ന് പിടിച്ചെടുത്ത വ്യാജ എൻഒസിയിൽ നിന്നാണ് ഡൽഹിയിലെ ഇടനില സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഇരുസംഘങ്ങളും തമ്മിലുള്ള ഇടപാടുകളും ഫോണ് സംഭാഷണങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ഭൂട്ടാൻ ലാൻഡ്ക്രൂസർ പിടികൂടിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയിൽ നിന്നാണ് ഡൽഹി സംഘത്തെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്.
15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരോധിച്ചതോടെ ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കാണ് മലയാളികളടക്കം സ്വന്തമാക്കിയത്. ഈ അവസരം മുതലെടുത്താണ് ഡൽഹി റാക്കറ്റ് ഭൂട്ടാൻവണ്ടികൾ കേരളത്തിൽ വിറ്റഴിച്ചതെന്നാണ് കണ്ടെത്തൽ.