വിയർപ്പ് തുന്നിയ കുപ്പായം…എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് നൽകിയതിനെ ചൊല്ലിയുള്ള വിവാദങ്ങളും ട്രോളുകളും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പുകമറയിൽ നിന്നു നോക്കുമ്പോൾ ഇന്നലെയുടെ ഗാനങ്ങൾക്ക് തെളിച്ചമേറും.
1972 ൽ അനശ്വര കവി വയലാർ രാമവർമയെ മികച്ച ഗാനരചയിതാവാക്കിയത് ചെമ്പരത്തി എന്ന ചിത്രത്തിലെ ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു…എന്ന ഗാനമാണ്. സംഗീത മാന്ത്രികൻ ജി. ദേവരാജന്റേതാണ് ഈണം.
സിനിമയിൽ നടൻ രാഘവൻ അവതരിപ്പിക്കുന്ന കോളേജ് വിദ്യാർഥിയായ ദിനേശ് നായികയെ (പഴയകാല നടി ശോഭന)തന്റെ ഹൃദയസിംഹാസനത്തിൽ ചക്രവർത്തിനിയായി പ്രതിഷ്ഠിച്ചിരിക്കുകയാണ്. ശില്പഗോപുരം വാതിലുകൾ തുറന്നിട്ട് അവളോട് നഗ്നപാദയായി അകത്തേക്കു കയറിവരാൻ അപേക്ഷിക്കുന്നു കാമുകനായ വിദ്യാർഥി. ഇവിടെ മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ വാക്കുകൾ പകർത്താം.
ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ വയലാറിന്റെ വേർപാടിന്റെ 50 വർഷങ്ങളുടെ പശ്ചാത്തലത്തിൽ കെ. ജയകുമാർ പറയുന്നു…സാലഭഞ്ജികകൾ പുഷ്പ താലങ്ങളുമായി വരവേൽക്കുന്ന, രുദ്രവീണകൾ താനേ പാടുന്ന, മൺവിളക്കുകൾ പൂക്കുന്ന, ദേവസുന്ദരിമാർ പ്രണയ ദാഹമോടെ നടമാടുന്ന അതി മനോഹരമായ വഴിത്താരയാണ് കാമുകൻ തന്റെ പ്രണയിനിക്കായി ഒരുക്കുന്നത്. നായകനായ കാമുകന് ഒറ്റ ലക്ഷ്യമേ ഉള്ളൂ. “മച്ചകങ്ങളിലെ മഞ്ജുശയ്യയിൽ പ്രിയതമയെ ലജ്ജ കൊണ്ട് മൂടുക’ എന്നതാണ് ആ ലക്ഷ്യം. തന്റെ പല ഗാനങ്ങളിലും ഇത്തരത്തിലെ കുസൃതികൾ വയലാർ ഒളിപ്പിക്കുന്നുണ്ടെന്നും കെ.ജയകുമാർ പറയുന്നുണ്ട്.
തങ്കഭസ്മക്കുറിയിട്ട കാമുകിയുടെ തിങ്കളാഴ്ച നോയമ്പ് മുടക്കുന്നതും താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ കാമിനിയെ ഉറക്കുകയില്ല എന്നു പറയുന്നതും ഇതിൽ ഉൾപ്പെടും. ഇതേക്കുറിച്ച് പറയുമ്പോൾ കാമുകന്റെ ‘ധാർഷ്ട്യം’ എന്ന പദമാണ് കെ. ജയകുമാർ ഉപയോഗിക്കുന്നത്. ധാർഷ്ട്യമാണോ സ്വന്തമാക്കൽ ആണോ ഉള്ളതെന്ന ഒരു സംശയം ബാക്കിയാവുന്നുണ്ട്. ഇംഗ്ലീഷിൽ പറയുന്ന owning ആണിത്. അഥവാ ധാർഷ്ട്യം കലർന്നൊരു സ്വന്തമാക്കൽ എന്ന് പറയാം.
ഇനി ഈ ഗാനത്തിന്റെ സംഗീതത്തിലേക്കു കടക്കാം. അതിനു മുൻപ് ഗാന സന്ദർഭം അറിയേണ്ടതുണ്ട്. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ലോഡ്ജ് എന്ന കൃതിയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ചെമ്പരത്തി എന്ന ചിത്രം. പി. എൻ. മേനോൻ ആണ് സംവിധായകൻ. കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഒരു ലോഡ്ജിൽ അടിച്ചു വാരുന്നതിനായി വരുന്ന കൗമാരക്കാരിയായ നായികയോട് ( പഴയ കാല നടി ശോഭന അവതരിപ്പിക്കുന്ന ശാന്ത എന്ന കഥാപാത്രം) അവിടുത്തെ അന്തേവാസിയായ ദിനേശിന് (രാഘവൻ ജീവൻ നൽകുന്ന കഥാപാത്രം) പ്രണയമുണ്ട്…
നിശബ്ദമായ പ്രണയം. ശാന്തയെ മനസിൽ സങ്കൽപ്പിച്ചാണ് ചക്രവർത്തിനി എന്ന കവിത ദിനേശ് എഴുതുന്നതും. മലയാള നാട് വാരികയിൽ കവിത അച്ചടിച്ചു വരുമ്പോൾ ദിനേശ് ആ കവിത മുകൾ നിലയിലെ മുറിയിൽ നിന്ന് ഗാനമായി ആലപിക്കുകയാണ്. (പ്രശസ്തമായ മലയാള നാട് വാരികയുടെ ഉടമ എസ്.കെ നായരായിരുന്നു ‘ചെമ്പരത്തി’യുടെ നിർമ്മാതാവ് എന്ന കാര്യം ഇവിടെ ഓർമിക്കാം.) ദിനേശന്റെ സുഹൃത്തായ ധനികനായ രാജപ്പൻ (സുധീർ) ആണ് പാട്ട് കേട്ടുനിൽക്കുന്നത്.
പാട്ടിനൊടുവിൽ താഴെ മറഞ്ഞുനിന്ന് ഗാനമാസ്വദിക്കുന്ന ശാന്തയെ കാണാം. നായകന്റെ ഹൃദയത്തിലെ പ്രണയം അവളുടെ കണ്ണുകളും ഭാവങ്ങളും ഏറ്റുവാങ്ങുന്നുണ്ട്! സിനിമയുടെ മധ്യത്തിൽ ശാന്തയെ പീഡിപ്പിക്കുകയും ഗർഭിണിയായ അവളെ വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുകയും ചെയ്യുന്ന പ്രതിനായകനായ രാജപ്പനാ ണ് ചക്രവർത്തിനി കേട്ട് ആസ്വദിച്ച് നിൽക്കുന്നത് എന്നത് ജീവിതത്തിന്റെ ഒരു വൈരുധ്യം!
കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ചക്രവർത്തിനി.. മലയാളികൾ ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നവനീത് ഉണ്ണികൃഷ്ണൻ എന്ന യുവ സംഗീത പ്രതിഭ വീണ്ടും വീണ്ടും ചക്രവർത്തിനി… പാടുമ്പോൾ, രാഗവും സ്വരങ്ങളും വിശദമാക്കുമ്പോൾ വയലാറിന്റെ വരികളുടെയും ദേവരാജ സംഗീതത്തിന്റെയും മാന്ത്രികത കൂടുതൽ തിരിച്ചറിയപ്പെടുന്നു. ചലച്ചിത്ര ഗാനങ്ങളിൽ അധികം ഉപയോഗിക്കാത്ത ‘കേദാർ ‘എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ജി. ദേവരാജൻ ചക്രവർത്തിനി നിനക്കു ഞാനെന്റെ.. ഒരുക്കിയിരിക്കുന്നത്.
സിനിമയിൽ ഗാനഗന്ധർവൻ കെ. ജെ. യേശുദാസും മാധുരിയും ഈ ഗാനം പാടുന്നുണ്ട്. രണ്ട് സന്ദർഭങ്ങളിൽ പാടുന്ന ഗാനത്തിന്റെ ഈണം ഒന്നാണെങ്കിലും (നേരിയ ചില വ്യതിയാനങ്ങൾ ഒഴിച്ചാൽ)പശ്ചാത്തല സംഗീതം വ്യത്യസ്തമാണ്.ചലച്ചിത്ര ഗാന സംഗീത നിരൂപകനും കെഎസ്ഇബിയിലെ മുൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി.വി.പ ്രമോദ് പറയുന്നത് കേൾക്കാം.. “പകൽ സമയത്ത് യഥാർഥ ലോകത്ത് നടക്കുന്ന സംഭവമാണ് യേശുദാസ് പാടുന്ന ഗാനം.
എന്നാൽ മാധുരിയുടെ ഗാനം നായകനായ ദിനേശ് കാണുന്ന സ്വപ്നത്തിൽ നിറയുന്നതാണ്. യേശുദാസിന്റെ ഗാനത്തിൽ ഓടക്കുഴൽ മുഖ്യപശ്ചാത്തല വാദ്യം ആകുമ്പോൾ മാധുരിയുടെ ഗാനത്തിൽ പാശ്ചാത്യ സംഗീതത്തിലെ ബെൽ വാദ്യമായ വൈബ്രോ ഫോണിന്റെ (vibrophone) മണിനാദമാണു കേൾക്കുന്നത്.
യേശുദാസിന്റെ ശബ്ദത്തിലെ ചക്രവർത്തിനിക്ക്.. ആണ് ആലാപന മികവ്. എന്നാൽ കേദാർ രാഗത്തിന്റെ അന്തരീക്ഷ സൗന്ദര്യം മാധുരിയുടെ ഗാനത്തിലാണ്. കാരണം രാത്രിയുടെ ആദ്യ യാമത്തിൽ ആലപിക്കുന്ന രാഗമാണ് കേദാർ. കൊല്ലപ്പെട്ട ശാന്ത നായകന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ മൺവിളക്കുകൾ പൂത്തു നിൽക്കുന്നുണ്ട്. സിനിമയിൽ സംവിധായകൻ പി. എൻ. നോൻ ഒരുക്കുന്ന ഈ ദൃശ്യ ഭംഗിക്ക് വൈബ്രോ ഫോണിന്റെ മധുരമണിനാദം കൂടുതൽ മനോഹാരിത പകരുന്നു.
സിനിമയിൽ മുഖ്യഗാനം, തീം സോങ് ആണ് ചക്രവർത്തിനി. സിനിമയുടെ വ്യത്യസ്ത രംഗങ്ങളിൽ ഗാനം ആവർത്തിക്കുന്നുണ്ട്. അശരീരിയായും മാധുരിയുടെ ഗാനം കേൾക്കാം എന്നും പി.വി. പ്രമോദ് ചൂണ്ടിക്കാട്ടുന്നു. കേദാർ രാഗം ശ്രീകൃഷ്ണന് പ്രിയപ്പെട്ട രാഗമായിരുന്നു എന്നും പുല്ലാംകുഴലിൽ കേദാർ രാഗം ആലപിച്ച് കൃഷ്ണൻ ഗോകുലവാസികളെ ആകർഷിച്ചു എന്നുമുള്ള വിശ്വാസവും നിലനിൽക്കുന്നുണ്ട്. അതുപോലെ കേദാർ രാഗത്തിന്റെ പേരിന്റെ ഉദ്ഭവം കേദാരനാഥനായ പരമശിവനുമായി ബന്ധപ്പെട്ടതാണ് എന്ന് ഒരു ഐതിഹ്യവും ഉണ്ട്.
വീണയിൽ ശിവൻ കേദാർ രാഗം മീട്ടിയപ്പോൾ ലോകത്തിലെ സർവചരാചരങ്ങളും രാഗനുഭൂതിയിൽ ലയിച്ചുവത്രേ. ഈ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ദേവരാജൻ മാസ്റ്റർ കണക്കിലെടുത്തിട്ടുണ്ടാവില്ല. സമ്പ്രദായിക രീതിയിലെ ഒരു ദൈവവിശ്വാസി ആയിരുന്നില്ലല്ലോ ജി.ദേവരാജൻ. എങ്കിലും കേദാർ രാഗത്തിന്റെ മുഴുവൻ സൗന്ദര്യവും സമസ്തതയും തൊട്ടറിഞ്ഞ് വയലാറിന്റെ അനശ്വര വരികളിൽ ദേവരാജൻ സമന്വയിപ്പിച്ചു. ഒരു തപസിന്റെ പുണ്യം പോലെ പിറന്നതുകൊണ്ടാവാം നീണ്ട 53 വർഷങ്ങൾക്കുശേഷവും ചക്രവർത്തിനി ഇന്നും ഗാനാസ്വാദകർക്ക് രാഗോന്മാദം പകരുന്നത്.
- എസ്. മഞ്ജുളാദേവി

