യുവതിയെ കാണാതായതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

knr-missing-vidhyaപയ്യന്നൂര്‍: കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ഗള്‍ഫുകാരനായ സുരേഷിന്റെ ഭാര്യ വിദ്യയെ കാണാതായ സംഭവ ത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞമാസം മൂന്നുമുതല്‍ കാണാതായ വിദ്യയെ കണ്ടെത്താന്‍ ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തിയിട്ടും പോലീസിന്റെ ഭാഗത്ത്‌നിന്ന് ഉദാസീനതയാണുണ്ടായതെന്ന് ഇവര്‍ ആരോപിച്ചു.

വിദ്യയെ കാണാനില്ലെന്നറിഞ്ഞെത്തിയ താന്‍ കണ്ടത് അലങ്കോലമായി കിടക്കുന്ന മുറിയാണെന്നും വിദ്യയുടെ ഭര്‍ത്താവ് സുരേഷിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരേഷിന്റെ അമ്മ നിരുത്സാഹപ്പെടുത്തിയെന്നും വിദ്യയുടെ പിതാവ് അന്നൂരിലെ മുണ്ടയാടന്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വിദ്യയെ കാണാതായിട്ടും ഭര്‍തൃമാതാവിനും മറ്റുള്ളവര്‍ക്കും വലിയ വിഷമമൊന്നും കണ്ടില്ലെന്നും ഭര്‍തൃവീട്ടില്‍ മകള്‍ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

വിദ്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണമെന്ന ആവശ്യവുമുയി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കുഞ്ഞികൃഷ്ണനെ കൂടാതെ സഹോദരന്‍ ദീപക്, ഡിവൈഎഫ്‌ഐ കുഞ്ഞിമംഗലം സൗത്ത് മേഖലാ കമ്മിറ്റി ഭാരവാഹികളായ എന്‍.മണി, എ.ഉണ്ണികൃഷ്ണന്‍, കെ.ലിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts