കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സർവീസ് നടത്തിയിരുന്ന കൊല്ലം – എറണാകുളം മെമു സ്പെഷൽ ട്രെയിൻ (06169/70) സർവീസ് 2026 ജനുവരി 30 വരെ ദീർഘിപ്പിച്ച് റെയിൽവേ.നേരത്തേ ഈ ട്രെയിൻ നവംബർ 28 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് വീണ്ടും നീട്ടിയത്.
സർവീസ് ദീർഘിപ്പിച്ചുവെങ്കിലും സ്റ്റോപ്പുകളിലോ സമയക്രമത്തിലോ മാറ്റമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.ഈ ട്രെയിൻ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ് നടത്തുന്നത്. ഇത് പ്രതിദിന സർവീസാക്കി സ്ഥിരപ്പെടുത്തണമെന്ന യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം റെയിൽ മന്ത്രാലയം ഇതുവരെ പരിഗണിച്ചിട്ടില്ല.
ഇത് കൂടാതെ പാലക്കാട്-കണ്ണൂർ ( 06031), കണ്ണൂർ-കോഴിക്കോട് (06032), കോഴിക്കോട് -പാലക്കാട് (06071) എന്നീ പ്രതിദിന പാസഞ്ചർ സ്പെഷൽ ട്രെയിൻ സർവീസുകളും ജനുവരി 31 വരെയും നീട്ടിയിട്ടുണ്ട്. നേരത്തേ ഈ ട്രെയിനുകൾ ഡിസംബർ 31 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
തിരുവനന്തപുരം നോർത്ത് (കൊച്ചു വേളി )-മംഗലാപുരം ജംഗ്ഷൻ (06163/64) അന്ത്യോദയ പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിനും ജനുവരി 27 വരെ സർവീസ് നീട്ടിയിട്ടുണ്ട്. ഇത് ഡിസംബർ 29 വരെ സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്.ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തുന്ന തിരുപ്പതി ജംഗ്ഷൻ-താംബരം സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനും (06190/91) ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. ഈ ട്രെയിൻ നവംബർ 29 വരെ സർവീസ് നടത്തുമെന്നായിരുന്നു റെയിൽവേയുടെ അറിയിപ്പ്.
ഈ ട്രെയിനിന്റെ കോച്ച് കോമ്പോസിഷനിലും ഡിസംബർ രണ്ടു മുതൽ മാറ്റമുണ്ട്. നിലവിൽ ഉണ്ടായിരുന്ന ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ പൂർണമായും ഒഴിവാക്കി. പകരം പത്തു സ്ലീപ്പർ കോച്ചുകൾ ഉണ്ടായിരുന്നത് 16 ആയി ഉയർത്തുകയും ചെയ്തു. കോച്ചുകളുടെ എണ്ണം കുറയുന്നില്ലങ്കിലും ജനറൽ കോച്ചുകൾ ഇല്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.

