ചാത്തന്നൂർ: തിരുവനന്തപുരം ശംഖുമുഖത്ത് നാവികസേന മൂന്നിന് നടത്തുന്ന നാവികാഭ്യാസത്തിന് കെഎസ്ആർടിസിയുടെ 263 ബസുകൾ സർവീസ് നടത്തും.വികാഭ്യാസം കാണാൻ അമ്പതിനായിരത്തിലധികം പേർ എത്തിച്ചേരുമെന്നാണ് കെഎസ് ആർടിസിയുടെ വിലയിരുത്തൽ. നാവികാഭ്യാസം നടക്കുന്നതിനാൽ ശംഖുമുഖവും പരിസര പ്രദേശങ്ങളും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്വകാര്യവാഹനങ്ങൾക്ക് ഈ പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ല.സംസ്ഥാനത്തിൻന്റെ വിവിധ ഭാഗങ്ങളിൽനിന്നുംനാവികാഭ്യാസം കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടുകളിൽനിന്നും ശംഖുമുഖത്തേക്കും തിരിച്ചും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
ഇതിനായുള്ള ബസുകൾ തീരുമാനിക്കുകയും അറ്റകുറ്റ പണികൾ അടിയന്തിരമായി തീർത്ത് സർവീസിന് തയാറാക്കാനും നിർദ്ദേശം നല്കിയിട്ടുണ്ട്. രാവിലെ 11 മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും ശംഖുമുഖത്തേയ്ക്കുളള കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കും.
പാർക്കിംഗ് ഗ്രൗണ്ടുകൾ: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കരിക്കകം ക്ഷേത്ര മൈതാനം, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടുകൾ, അരിസ്റ്റോ ജംഗ്ഷൻ, ആറ്റുകാൽ ക്ഷേത്രം, കിള്ളിപ്പാലം സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര ക്ഷേത്രം, പോലീസ് ട്രെയിനിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം, വാട്ടർ അതോറിറ്റി ഗ്രൗണ്ട്, എം ജി കോളേജ് ഗ്രൗണ്ട്, പുത്തൻ തോപ്പ് പള്ളി ഗ്രൗണ്ട്.
- പ്രദീപ് ചാത്തന്നൂർ

