ചേലക്കര (തൃശൂർ): വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.15ന് ഉദുവടിയിൽ വച്ചാണ് അപകടം നടന്നത്.
തിരുവില്വാമലയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവില്വാമലയിലേക്ക് വരികയായിരുന്ന മനമേൽ എന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. അപകടത്തെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലും, തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.തൃശൂരിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. മഴയെതുടര്‍ന്ന് റോഡിൽ ബസ് തെന്നി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാലെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു.

