മരം വിറ്റാല്‍ കിട്ടുന്നത് 15,000; പോയത് മൂന്നു ലക്ഷത്തിന്റെ വാന്‍

KNR-VANതളിപ്പറമ്പ്:  15,000 രൂപ മാത്രം വ്ില ലഭിക്കുന്ന മട്ടിമരം കടത്തിയതിന് മൂന്നു ലക്ഷം രൂപയുടെ പിക്കപ്പ് വാന്‍ നഷ്ടപ്പെട്ടു. പുളിങ്ങോം ചുണ്ട ചൂരപ്പടവിലെ സൂര്യഗിരി മണിമേലില്‍ ജിസ്‌മോന്റെ (36) ഉടമസ്ഥതയിലുള്ള കെഎല്‍ 59 എഫ് 7399 പിക്കപ്പ് വാനാണ് കണ്ണൂര്‍ ഡിഎഫ്ഒ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. ജിസ്‌മോനെ കൂടാതെ പുളിങ്ങോം മീന്‍തുള്ളിയിലെ വടക്കേ പുത്തന്‍ പറമ്പില്‍ വി.സി.ടോമി (42), മീന്‍തുള്ളി ഇടവരമ്പിലെ തോണിക്കുഴിയില്‍ സുജിത് കൃഷ്ണന്‍ (32) എന്നിവരും ഇന്നലെ തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

വനത്തില്‍ നിന്നും മോഷ്ടിച്ചു കടത്തുകയായിരുന്ന 38 കഷണം മട്ടിത്തടികളും കടത്തിയ പിക്കപ്പ് വാനും തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന്‍ തോമസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പിടികൂടിയത്.  രഹസ്യ വിവരത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു.   സോഫ്റ്റ് വുഡ് ഇനത്തില്‍പ്പെടുന്ന മരമാണെങ്കിലും സ്വാഭാവിക വനങ്ങളില്‍ മട്ടിമരം കുറഞ്ഞുവരുന്നതിനാല്‍ വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ മുറിക്കുന്നതിന് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

1961 ലെ കേരള വനം നിയമപ്രകാരമാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. കരാമരംതട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.വി.മനോജ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.മധു, വി.വി.സുജേഷ്, ഡ്രൈവര്‍ വല്‍സരാജന്‍ എന്നിവരും മരം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് രാവിലെ പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts