അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ്-പോലീസ് പരിശോധന ഊര്‍ജിതമാക്കും: ജില്ലാ കളക്ടര്‍

alp-vattuആലപ്പുഴ: തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജമദ്യം, അനധികൃത മദ്യവില്‍പ്പന എന്നിവയ്‌ക്കെതിരേ എക്‌സൈസ്-പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. അനധികൃത മദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മറ്റിയുടെ യോഗത്തില്‍ ആധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. മദ്യദുരന്തമുണ്ടാകാതിരി ക്കാനായി ജാഗ്രത പുലര്‍ത്തുകയും കളളുഷാപ്പുകളില്‍ പ്രത്യേക പരിശോധന നടത്തുകയും വേണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

34 ദിവസത്തിനിടയില്‍ ജില്ലയില്‍ 1328 റെയ്ഡുകള്‍ എക്‌സൈസ് നടത്തിയതില്‍ 194 അബ്കാരി കേസുകളും 10 കഞ്ചാവ്മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. 196 പേരെ പ്രതി ചേര്‍ക്കുകയും 176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 90 ലിറ്റര്‍ സ്പിരിറ്റും 28.5 ലിറ്റര്‍ ചാരായവും 219.37 ലിറ്റര്‍ വിദേശമദ്യവും 1552 ലിറ്റര്‍ കോടയും 1.8 കിലോഗ്രാം കഞ്ചാവും 221.35 ലിറ്റര്‍ അരിഷ്ടവും 36.4 ലിറ്റര്‍ ബിയറും 6.3 ലിറ്റര്‍ അനധിക്യതമദ്യവും 68 പാക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു. മണ്ണഞ്ചേരിയില്‍ രണ്ട് കഞ്ചാവ്- മയക്കുമരുന്ന് കേസെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു.

30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാര്‍ത്തികപ്പളളിയില്‍ 90 ലിറ്റര്‍ സ്പിരിറ്റു പിടിച്ചെടുത്തു. നാലുപേര്‍ക്കെതിരെ കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കായംകുളം റേഞ്ചിലെ ഗ്രൂപ്പ് നാലു കളളുഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കായംകുളം റേഞ്ചിലെ പത്തിയൂരില്‍ നിന്ന് അഞ്ചു ലിറ്റര്‍ അനധിക്യത മദ്യം പിടിച്ചെടുത്തു. ഒരാള്‍ക്കെതിരെ കേസെടുത്തു. 2693 വാഹന പരിശോധനകള്‍ നടത്തി. വ്യാജമദ്യം  കടത്തുന്നതിന് ഉപയോഗിച്ച ആറു  വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് വിവിധ റേഞ്ചുകളിലായി 75 കേസുകളും കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട ഒരു കേസും  രജിസ്റ്റര്‍ ചെയ്തു.

74 കോപ്റ്റ കേസുകള്‍ എടുക്കുകയും 14,800 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് ജനുവരിയില്‍ 321 പേരെ അറസ്റ്റ് ചെയ്തതായും 282 കേസെടുത്തതായും പോലീസ് അധികൃതര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ 138 കേസെടുത്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അബ്ദുള്‍ കലാം, അസിസ്റ്റന്റ് കമ്മിഷണര്‍ ചന്ദ്രപാലന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts