തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങി. വേഗത്തില്‍ കൊയ്ത്ത് സാധ്യമാക്കുന്നതിനായി യന്ത്രങ്ങളുടെ പേരില്‍ തര്‍ക്കവും ആരംഭിച്ചു. വേനല്‍മഴയ്ക്കു കൂടി തുടക്കമായതോടെ എത്രയുംവേഗം കൊയ്ത്തു പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസിനു സ്വന്തമായി 27 കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിന്റെ നെല്ലറിയില് വിളവെടുക്കാന്‍ അന്യസംസ്ഥാന യന്ത്രങ്ങള്‍ തന്നെ വേണം. വകുപ്പിന്റെ 17 യന്ത്രങ്ങളും കട്ടപുറത്ത് കയറിയിട്ട് മാസങ്ങളായി.
വിളവെടുപ്പ് കാലമെത്തിയിട്ടും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലന്ന കര്‍ഷകര്‍ പറയുന്നു. അന്യസംസ്ഥാന ലോബിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് വിളവെടുപ്പ് സമയത്തും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്. നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ പാടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. മണിക്കൂറിന് 1800 മുതല്‍ 2000 രൂപവരെയാണ് ഈടാക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ തുക വീണ്ടും ഉയരും. അഗ്രോ വഴി എത്തുന്ന യന്ത്രങ്ങളെത്തിച്ചാല് മണിക്കൂറില്‍ 800 രൂപ മാത്രമാണ് കര്ഷകന് അടയ്ക്കേണ്ടിവരിക. കൊയ്ത്തു സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 50 യന്ത്രങ്ങള്‍ എങ്കിലും വേണ്ടിവരും.
കൃഷി വകുപ്പിന് ആകെയുണ്ടായിരുന്ന യന്ത്രങ്ങളില്‍ പകുതി പോലും പ്രവര്‍ത്തന സജ്ജമാക്കാത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ഫലത്തില്‍ തമിഴ്നാടന്‍ യന്ത്രങ്ങള്‍ ഉണ്ടെങ്കില്‍ കൊയ്ത്തു നടക്കുമെന്നതാണ് സ്ഥിതി. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ ഇത്തവണ വളരെ വൈകിയാണ് വിളയിറക്കിയത്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് വന്നതിനാല്‍ ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളെടുക്കുവാനും സാധിച്ചില്ല. ഏറ്റവും കൂടുതല്‍ പാടശേഖരമുള്ള പെരിങ്ങരയില്‍ കൃഷിഓഫീസറുടെ തസ്്തിക ഒഴിഞ്ഞു കിടന്നിട്ട് അഞ്ചു മാസമായി . പകരം കടപ്രയിലെ കൃഷി ഓഫിസര്‍ക്കാണു ചുമതല. ഫലത്തില്‍ കൊയ്ത്തിനു കര്‍ഷകരെ ഏകീകരിക്കേണ്ട കൃഷിവകുപ്പിന്റെ ഉേദ്യാഗസ്ഥരുടെ സേവനവും ലഭിക്കുന്നില്ല.
ജില്ലയിലെ തന്നെ ഒരു കൃഷി ഓഫീസറെയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷവും പാഡി ഓഫീസറായി നിയമിച്ചിരുന്നത്. എന്നാല്‍, ഇക്കൊല്ലം സപ്ലൈകോയിലെ ഒരുേദ്യാഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. വേണ്ടത്ര പരിചയമില്ലാത്തതു കൊണ്ട് അതും ഏകീകരണത്തിന് വിലങ്ങുതടിയായി. ഇതിനു പുറമേ കാര്‍ഷിക കലണ്ടര്‍ ഇല്ലാത്തതും സംവിധാനങ്ങളെ താറുമാറാക്കി. കൊയ്ത്തു നടക്കുന്ന പാടങ്ങളില്‍ നിന്നു സപ്ലൈകോ നിയോഗിച്ച മില്ലുകാര്‍ നെല്ലു സംഭരണം തുടങ്ങി ജില്ലയില്‍ 1600 കര്‍ഷകരാണു നെല്ലു നല്കുന്നതിനു സപ്ലൈകോയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1096 പേര് പെരിങ്ങര പഞ്ചായത്തില്‍ നിന്നാണ്.
നിരണം-376, കടപ്ര – 139, നെടുമ്പ്രം- 53 എന്നിങ്ങനെയാണു മറ്റു പഞ്ചായത്തുകളിലെ രജിസ്ട്രേഷന്. കൊയ്ത്തും സംഭരണവും തുടങ്ങിയിട്ടും കൃഷിവകുപ്പിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായം കിട്ടുന്നില്ലെന്നു കര്‍ഷകര്‍ കഴിഞ്ഞ ദിവസം സബ്കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ പരാതിപ്പെട്ടു. ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം ഉണ്ടാകാന്‍ 16ന് പാടശേഖര സമിതികളുമായി യോഗം വിളിച്ചിട്ടുമുണ്ട്.