വീടിന്റെ കൊച്ചുമുറ്റത്തുനിന്ന് കുരുമുളകുതൈകളെത്തുന്നത് കേരളത്തിന്റെ വിവിധ തോട്ടങ്ങളിലേക്ക്്. കുമരനെല്ലൂര്‍ കൊടുമ്പ് ചാമക്കാലയില്‍ വീട്ടില്‍ സി.ഡി. ജയിംസും റോസമ്മയുമാണ് കുരുമുളകുതൈകള്‍ ഉത്പാദിപ്പിക്കുന്നത്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും ഇവിടെ വന്നു താമസിക്കുന്ന ജെയിംസ് കര്‍ണാടകത്തിലെ കുടകില്‍നിന്നാണ് കുരുമുളകു തൈകള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ പഠിച്ചത്. ഇന്ന് പ്രതിവര്‍ഷം പതിനായിരക്കണക്കിനു തൈകളാണ് ജെയിംസും റോസമ്മയും ഉത്പാദിപ്പിച്ചു വില്‍ക്കുന്നത്്. ആവശ്യത്തിനനുസരിച്ച് തൈകള്‍ കൊടുക്കാന്‍ പോലും സാധിക്കാത്തതരത്തില്‍ ഓര്‍ഡറുകള്‍ ഇവരെത്തേടിയെത്തുന്നു. വയനാട്, ഇടുക്കി ഭാഗങ്ങളിലേക്കാണ് ഇവരുടെ തൈകള്‍ അധികവും പോകുന്നത്.
തൈകള്‍ മുളയ്ക്കുന്നത് ഹാന്‍ഡ് മെയ്ഡ് പോളിഹൗസില്‍
പത്തലും യുവിഷീറ്റും ഉപയോഗിച്ചു തയാറാക്കുന്ന ഹാന്‍ഡ് മെയ്ഡ് പോളിഹൗസിലാണ് ഇവര്‍ കുരുമുളകു വള്ളികള്‍ വേരുപിടിപ്പിക്കുന്നത്. ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത ചെറുകവറുകളില്‍ ഒന്നില്‍ നാലു വള്ളിവച്ചാണ് നടുന്നത്. രണ്ടിലയാകുമ്പോള്‍ വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത മിശ്രിതം കലക്കിഒഴിക്കും. കൂടിനകത്താക്കി 20 ദിവസമാണ് പോളിഹൗസില്‍ വയ്ക്കുക. 10 ദിവസം കഴിയുമ്പോള്‍ ഒരു പ്രാവശ്യം കൂടിലെ യുവി ഷീറ്റു മാറ്റി നനയ്ക്കും. പീന്നീട് പത്തു ദിവസം കൂടി മൂടിവയ്ക്കും. ഈ കാലാവസ്ഥയില്‍ പെട്ടന്ന് മുളപൊട്ടുമെന്ന് റോസമ്മ പറയുന്നു. നാലെണ്ണമുള്ള ഒരു കവറിന് 25 രൂപയ്ക്കാണ് നല്‍കുന്നത്. അത്യുത്പാദന ശേഷിയുള്ള പന്നിയൂരും നാടന്‍ ഇനങ്ങളായ കരിമുണ്ട, കരിവള്ളി, നീലിമുണ്ട തുടങ്ങി നിരവധിയിനങ്ങളുടെ തൈകള്‍ വില്പനയ്ക്കു തയാറാകുന്നു. മക്കളായ ഷെറിനും ഷിബിനും എല്ലാ സഹായവുമായി ഒപ്പമുണ്ട്. കൃഷി പരീക്ഷണങ്ങളും ഇവര്‍ നടത്തുന്നു. വീട്ടില്‍ ഏലം കൃഷിചെയ്ത് കായ്ച്ചതിന്റെ സന്തോഷത്തിലാണിവര്‍. ഫോണ്‍- ജെയിംസ് 9544886528.
പച്ചക്കറിയും വാഴയും പിന്നെ കവുങ്ങും
കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കുമരനെല്ലൂര്‍ തെക്കേടത്ത് ജോര്‍ജിന്റെ കൃഷിയിടം. പക്ഷെ നോട്ടം പെട്ടന്നു പതിയുക ജോര്‍ജിന്റെ കൃഷിയിടത്തിലാകും. കാരണം മറ്റൊന്നുമല്ല, ഇവിടെ വിളയാത്തതൊന്നുമില്ല. പരീക്ഷിക്കാത്ത വിളകളും ചുരുക്കം. ചീര, കോവല്‍, പയര്‍, വാഴ, കുമ്പളം, മത്തന്‍, കവുങ്ങ് അങ്ങനെപോകുന്നു ജോര്‍ജിന്റെ കൃഷിയിടത്തിലെ വിളവൈവിധ്യം. കുമ്മായമിട്ട് 10 ദിവസം മണ്ണിളക്കാതെ ഇട്ടുകൊണ്ടാണ് ഏതുകൃഷിയും ആരംഭിക്കുക. അതിനു ശേഷം ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവചേര്‍ത്ത് നിലമിളക്കും. ജനുവരിയില്‍ വള്ളിപ്പയര്‍ കൃഷിതുടങ്ങും. ഇതിനിടയില്‍ കോവല്‍ അതേതടത്തില് തന്നെയിടും. പയര്‍ വിളവെടുപ്പുകഴിയുമ്പോള് കോവല്‍ വള്ളിവീശിയിട്ടുണ്ടാകും. കോവല്‍ 65 ചുവടാണ് കൃഷിചെയ്യുന്നത്. ഇതില്‍ നിന്ന് ഒരാഴ്ച 500 കിലോ വരെ ലഭിച്ചു. കഴിഞ്ഞവര്‍ഷം 1,40000 രൂപവരെ ലഭിച്ചു.
ജൂണില്‍ തിരുവാതിര ഞാറ്റുവേലക്കൊപ്പമാണ് നടുന്നത്. ഒരുവര്‍ഷം വരെ ഇതില്‍ നിന്നു വിളവെടുക്കാം. പന്നീട് പയറിടും അതിനു ശേഷം വീണ്ടും കോവലും നടുകയാണ് ചെയ്യുക. പയര്‍ ആഴ്ചയില്‍ 50 കിലോ ലഭിക്കും. ആഴ്ചയില്‍ 2000 രൂപ പയറില്‍ നിന്നു തന്നെ ലഭിക്കും. വേപ്പിന്‍പിണ്ണാക്ക്്, കടലപ്പിണ്ണാക്ക്്, പച്ചച്ചാണകം എന്നിവ ചേര്‍ത്ത് പുളിപ്പിച്ച വളം രണ്ടുകപ്പുവീതം ആഴ്ചയില്‍ ഒന്ന് ചുവട്ടില്‍ ഒഴിച്ചുകൊടുക്കും. ജൈവവളത്തിനൊപ്പം ചെറിയതോതില്‍ രാസവളങ്ങളും നല്‍കിയാണ് കൃഷി. ഓട്ടുപാറ, വടക്കാഞ്ചേരി മാര്‍ക്കറ്റുകളിലും തൃശൂരും ഉത്പന്നങ്ങള്‍ വില്‍ക്കും. കോവയ്ക്ക ഒരു കിലോക്ക് 16 രൂപയ്ക്കാണ് വില്പന. 30-45 രൂപവരെ ലഭിച്ചിരുന്നു. തൃശൂരിന്റെ സ്വന്തം ചങ്ങാലിക്കോടന്‍ ഏത്തവാഴയും നൂറുമേനിയാണ് വിളവു നല്‍കുന്നത്. ഒരു കുല 15 കിലോ വരെ ലഭിച്ചു. രണ്ടേക്കറില്‍ കവുങ്ങും കൃഷിചെയ്യുന്നു. ഫോണ്‍- ജോര്‍ജ് 9446765463.
അപ്പച്ചന്റെ കൃഷിയിടത്തില്‍ മണ്ണിനു വിശ്രമമില്ല
ഒരുപന്തലില് തന്നെ വിവിധയിനം പച്ചക്കറികള്‍. സരിതപുരം കോലടിപ്പറമ്പില്‍ 61 കാരനായ അപ്പച്ചന്റെ കൃഷിരീതി തികച്ചും വ്യത്യസ്തമാണ്. ഒരേക്കറിലാണ് ഇദ്ദേഹം പച്ചക്കറിക്കൃഷിചെയ്യുന്നത്. കോവല്‍ നട്ടു വിളവെടുപ്പ് അവസാനിക്കുമ്പോള്‍ പാവല്‍ കായ്ച്ചിട്ടുണ്ടാവും. ഇത് വിളവെടുപ്പ് അവസാനിക്കുന്നതോടെ പയര്‍ വിളവെടുക്കാന്‍ തയാറാകും. കൂടങ്ങളില്‍(വലിയ തടം) ആണ് അപ്പച്ചന്റെ കൃഷി. ഇതില്‍ കൂര്‍ക്കയും ബന്ദിയും കാന്താരിമുളകും മാറിമാറി കൃഷിചെയ്യുന്നു. വരമ്പില്‍ പൊക്കം ഒട്ടുമില്ലാത്ത റെഡ്ലേഡി പപ്പായ മൂത്തു പഴുക്കുന്നു. കൃഷി തുടങ്ങുന്നതിനുമുമ്പ് 10ദിവസം കുമ്മായമിട്ട് മണ്ണിടും. തുടര്‍ന്ന് ആട്ടിന്‍ കാഷ്ടം, ചാണകം എന്നിവയിട്ടിളക്കി ആറുദിവസം ഇടും. പൊട്ടാഷ്, യുറിയ എന്നിവയും നേരിയതോതില്‍ ചേര്‍ക്കും. പിണ്ണാക്കും ചാണകവും ചേര്‍ത്ത് പുളിപ്പിച്ച മിശ്രിതം ചുവട്ടിലൊഴിക്കും. 310 കൂടങ്ങള്‍ ഒരുമീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ചാണ് കൃഷി നടത്തുക. വര്‍ഷത്തില്‍ എല്ലാദിവസവും അപ്പച്ചന്റെ കൃഷിയിടത്തില്‍ പച്ചക്കറി വിളയും. ഹോസ് ഉപയോഗിച്ചാണ് ജലസേചനം. കൂടത്തില്‍ ഏതുവിളയാണെങ്കിലും മൂന്നു തൈവീതം നടും. ചിലപ്പോള്‍ നാലെണ്ണവും നടാറുണ്ട്്. ഒരെണ്ണം കരിഞ്ഞുപോകാന്‍ സാധ്യതയുള്ളതു കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യുക. പാവല്‍- മായ എന്നയിനാമാണ് കൃഷിചെയ്യുന്നത്. നാലുമാസമാകുമ്പോള് വിളവെടുക്കാം. ജൈവവളവും രാസവളവും ഉപയോഗിച്ചുള്ള കൃഷിയാണ് അപ്പച്ചന്റേത്. ഫോണ്‍- 9946228919.
കൃഷിപ്പണിയും കൃഷിയുമായി കൃഷ്ണനും ഉണ്ണിയും
കൃഷിപ്പണികള്‍ക്കു പോകുന്നതിനൊപ്പം കൃഷിയിലും സജീവമാണ് ആവിശേരി വളപ്പില്‍ കൃഷ്ണനും തോട്ടേകാട് ഉണ്ണിയും. സ്ഥലം പാട്ടത്തിനെടുത്താണ് ഇവരുടെ കൃഷി. പയര്‍, കോവല്‍, വെള്ളരി, കുമ്പളം എന്നിവയെല്ലാം കൃഷിചെയ്യുന്നു. തൃശൂര്‍ മാര്‍ക്കറ്റിലേക്കാണ് ഇവരുടെ പച്ചക്കറി പോകുന്നത്. ചെലവെല്ലാം കഴിഞ്ഞ് 50000 രൂപവരെ ഇരുവര്‍ക്കും ലാഭം ലഭിക്കുന്നു. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്്, ശര്‍ക്കര എന്നിവ ചേര്‍ത്ത മിശ്രിതമാണ് പ്രധാന വളമായി ഉപയോഗിക്കുക. എട്ടുകൊല്ലമായി ഇരുവരും കൃഷിയില്‍ സജീവമാണ്. ഫോണ്‍- കൃഷ്ണന്- 9847961929, ഉണ്ണി- 9846421959.
കോവലും പിന്നെ പയറും
വലും പയറും മാറിമാറിയുള്ള കൃഷിയാണ് മാടഞ്ചേരി സജിയുടേയും അയല്പക്കക്കാരി ആനി ജോണിന്റെയും. അഞ്ചേക്കര്‍ പാട്ടത്തിനെടുത്താണ് ഇരുവരും ചേര്‍ന്ന് കൃഷി നടത്തുന്നത്. വടക്കാഞ്ചേരി പുഴയുടെ തീരത്തായതിനാല്‍ വെള്ളത്തിനു ക്ഷാമമില്ല. വാഴാനി ഡാമില്‍നിന്നുള്ള ജലമാണ് കൃഷിക്കുപയോഗിക്കുന്നത്. കോവല്‍ സമൃദ്ധമായി വിളയുന്ന ഇവിടെ നാലുടണ്ണിലധികം ഒരാഴ്ച വില്‍പ്പനയ്ക്കു തയാറാകും. വലിപ്പം കൂടിയ നാടന്‍ കോവലാണ് കൃഷിചെയ്യുന്നത്. ജൂണില്തുടങ്ങിയ കൃഷി ഇപ്പോഴും വിളവുകുറയാതെ നില്ക്കുന്നു. ഒരുകൂടില് മൂന്നു തണ്ടുവീതം വേരുപിടിപ്പിച്ച് 20-ാം പക്കം നടും. ഒന്നരാടം നനയ്ക്കും. സ്റ്റെറാമീല്‍ 18-18-18, യൂറിയ, പൊട്ടാഷ് എന്നിവയെല്ലാം വളമായി നല്‍കും. രണ്ടുമാസം കൊണ്ട് കോവല്‍ വിളവെടുപ്പു പ്രായമാകും. കോവല്‍ വിളവെടുപ്പ് അവസാനിക്കുന്ന സമയം ഇതേപന്തലില് പയര്‍ കയറ്റി കൃഷി തുടരും. ഫോണ്‍- സജി- 9495854543.
ഹരിതാഭമായ പള്ളിമുറ്റം
നാട്ടുകാരുടെ കൃഷിപാരമ്പര്യത്തിനൊപ്പം തന്നെ നീങ്ങുകയാണ് സരിതപുരം ഫാത്തിമ മാത പള്ളിയും വികാരി ഫാ. ജിമ്മി കല്ലിങ്കല്കുടിയിലും. പള്ളിയിലേക്കു കയറുന്നവരെ എതിരേല്ക്കാന് പാഷന്‍ഫ്രൂട്ടിന്റെ പന്തലൊരുക്കിയിരിക്കുന്നു. തക്കാളിയും കാബേജുമെല്ലാം വളരുന്നു. സിമിത്തേരിയിലെ സ്ഥലംപോലും നഷ്ടപ്പെടുത്താതെയുള്ളകൃഷി. പള്ളിയിലെത്തുന്ന വിളകളുടെ തൈമുളപ്പിച്ച് ഇടവകജനങ്ങള്ക്കെല്ലാം നല്കാന് ജിമ്മിയച്ചന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പാഷന്‍ഫ്രൂട്ട്, ലക്ഷ്മിതരു എന്നിവയെല്ലാം ഈ രീതിയില്‍ വീടുകളിലെത്തിച്ചു. പള്ളിയില്‍ വിളയുന്ന പച്ചക്കറികള്‍ സൗജന്യട്ടുകാരുടെ കൃഷിപാരമ്പര്യത്തിനൊപ്പം തന്നെ നീങ്ങുകയാണ് സരിതപുരം ഫാത്തിമ മാത പള്ളിയും വികാരി ഫാ. ജിമ്മി കല്ലിങ്കല്കുടിയിലും. പള്ളിയിലേക്കു കയറുന്നവരെ എതിരേല്ക്കാന് പാഷന്‍ഫ്രൂട്ടിന്റെ പന്തലൊരുക്കിയിരിക്കുന്നു. തക്കാളിയും കാബേജുമെല്ലാം വളരുന്നു.
സിമിത്തേരിയിലെ സ്ഥലംപോലും നഷ്ടപ്പെടുത്താതെയുള്ളകൃഷി. പള്ളിയിലെത്തുന്ന വിളകളുടെ തൈമുളപ്പിച്ച് ഇടവകജനങ്ങള്ക്കെല്ലാം നല്കാന് ജിമ്മിയച്ചന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പാഷന്‍ഫ്രൂട്ട്, ലക്ഷ്മിതരു എന്നിവയെല്ലാം ഈ രീതിയില്‍ വീടുകളിലെത്തിച്ചു. പള്ളിയില്‍ വിളയുന്ന പച്ചക്കറികള്‍ സൗജന്യമായി ഇടവക ജനങ്ങള്‍ക്കു നല്കുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്റെ കല്ലിങ്കല്‍ നഴ്സറിയില്‍ നിന്നു വാങ്ങിയ പാഷന്ഫ്രൂട്ടാണ് നട്ടത്. ഇതിനായി ആദ്യം രണ്ടടിയുള്ള കുഴിയെടുത്തു. ഇതില്‍ ചാണകമിട്ടു കുഴിയൊരുക്കി നട്ടു. ജീവാമൃതവും നല്കുന്നു. കാബേജ്, കോളിഫ്ളവര്‍, തക്കാളി വഴുതിന എന്നിവ ചാക്കിലും കൃഷിചെയ്തു. ഇവയുടെ തൈകള്‍ മതബോധനവിദ്യാര്ഥികള് വശം വീടുകളിലെത്തിച്ചു കൃഷി സജീവമാക്കി. നാടന്‍, പന്നിയൂര്‍ ഇനങ്ങളില്‍പ്പെട്ട കുരുമുളകുവള്ളികള്‍ വേരുപിടിപ്പിച്ച് പള്ളിയില്‍ നിന്നു നല്കുന്നു.
നാടന്‍ ഇനങ്ങളായ കരിമുണ്ട, കരിവള്ളി, കുതിരവാലി, നീലിമുണ്ട, കുഭക്കൊടി, തുലാക്കൊടി എന്നിവയുടെയെല്ലാം നാലുവള്ളികള് ഒരു കൂടിലാക്കി വേരുപിടിപ്പിച്ച് വില്‍ക്കുന്നു. ഒരു കവറിന് 20 രൂപ നിരക്കിലാണ് വില്പന. കഴിഞ്ഞവര്‍ഷം 10000 തൈകള്‍ നല്കി. ജൂണ്മാസത്തില്തൈകള് വില്പനക്കു തയാറാകും. ഓഡര്‍ അനുസരിച്ച് തൈകള്‍ നല്കാന് തികയുന്നില്ല. തൃശൂര്‍ അതിരൂപതയിലെ ഇന്‍ഫാമിന്റെ ഡയറക്ടര്‍ കൂടിയാണ് ഫാ. ജിമ്മി. ഇടവക യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നിവയൊക്കെ പരിശീലിപ്പിക്കുന്നു. കൂടുകളില്‍ കുരുമുളക് വയ്ക്കുന്നതും ഇടവക ജനങ്ങള്ച്ചേര്ന്നാണ്.
ഫോണ്‍- ഫാ. ജിമ്മി– 9447878829.