സി.കെ. ചന്ദ്രപ്പന്‍ സ്മാരക ട്രെയിനിംഗ് സെന്റര്‍ ശിലാസ്ഥാപനം നാളെ

klm-chandrappanകൊട്ടാരക്കര: അന്തരിച്ച മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ സ്മരണാര്‍ഥം താഴത്തുകുളക്കടയില്‍ സ്ഥാപിക്കുന്ന സികെ ചന്ദ്രപ്പന്‍ സ്മാരക ട്രയിനിംഗ് സെന്ററിന്റെ ശിലാസ്ഥാപനകര്‍മം നാളെ വൈകുന്നേരം അഞ്ചിന് പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര റെഡി നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരില്‍ കൊട്ടാരക്കര മണ്ഡലത്തിലെ താഴത്തുകുളക്കടയില്‍ പാര്‍ട്ടി സ്വന്തമായി വാങ്ങിയ 80 സെന്റ് ഭുമിയിലാണ് സെന്റര്‍ ആരംഭിക്കുന്നത്. സി.കെ.ചന്ദ്രപ്പന്റെ സ്വപ്നമായിരുന്നു പാര്‍ട്ടി യെ ആശയപരമായും രാഷ്ട്രീയമായും കായികപരമായും പരിശീലനം നല്‍കുക എന്നത്.

ജനസേവാദളിന്റെ പ്രവര്‍ത്തനം സമൂഹത്തിന് പ്രയോജനപ്പെടുത്തുക എന്ന സികെ ചന്ദ്രപ്പന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടിയാണ് സികെ യുടെ നാലാം ചരമവാര്‍ഷികദിനത്തില്‍ പാര്‍ട്ടി ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടമെന്നനിലയില്‍ മൂന്ന് നിലകളിലായി 100 പേര്‍ക്ക് താമസൗകര്യം, കോണ്‍ഫ്രന്‍സ് ഹാള്‍, ഹെല്‍ത്ത് ക്ലബ്ബ്, പാര്‍ട്ടി അംഗങ്ങള്‍ക്കായി വിദ്യാഭ്യാസത്തിന് പാര്‍ട്ടി സ്കൂള്‍ എന്നിവയും കൂടാതെ വിശാലമായ ഗ്രൗണ്ട്, നീന്തല്‍ പരിശീലന കേന്ദ്രം, വാളന്റിയര്‍മാരുടെ പരിശീലനത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കും.

മണ്ഡലത്തിലെ വാളന്റിയര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  വാങ്ങിയ സ്ഥലം വൃത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുകയാണ്. കുളക്കട പഞ്ചായത്തിലെ പാര്‍ട്ടി തങ്ങളുടെ ദേശീയ സെക്രട്ടറിയുടെ വരവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കൊട്ടാരക്കര മണ്ഡലത്തിലെ  ഗ്രാമപ്രദേശത്ത് പാര്‍ട്ടി ദേശീയ സെക്രട്ടറി എത്തുന്നത് ഇത് ആദ്യമായിയാണ്. സി.കെയുടെ  ജന്മ•ദേശമായ ചേര്‍ത്തലയില്‍ നിന്നും എത്തുന്ന ദേശീയ സെക്രട്ടറിയെ വരവേല്‍ക്കുന്നതിനായി ജില്ലാ അതിര്‍ത്തിയായ ഏനാത്തു മുതല്‍ താഴത്തുകുളക്കട വരെ റോഡിന്റെ ഈരുവശങ്ങളിലായി കൊടിതോരണങ്ങളും കമാനങ്ങളും കൊണ്ട് അലംങ്കരിച്ചിരിക്കുകയാണ്.

കുളക്കട പഞ്ചായത്തിലെ രണ്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് മൂവായിരം അംഗങ്ങളും  കൂടാതെ മണ്ഡലത്തിലെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍നിന്നും വിവിധ മണ്ഡലങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം പ്രവര്‍ത്തകര്‍പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനാകും. സി. തുളസിധരന്‍,  കെ ഇ ഇസ്മയില്‍, ബിനോയ് വിശ്വം,സംസ്ഥാന അസി.സെക്രട്ടരിമാരായ കെ പ്രകാശ്ബാബു,സത്യന്‍ മൊകേരി,ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ആര്‍ രാമചന്ദ്രന്‍,  ജി മാധവന്‍നായര്‍  എന്നിവര്‍ പ്രസംഗിക്കും.

Related posts