ഇന്ത്യയില്‍ തൊഴില്‍ ലഭ്യതാ നിരക്ക് കുറയുന്നു: ഋഷികേശ് നായര്‍

ekm-thozhilകൊച്ചി: വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴില്‍ലഭ്യതാ നിരക്കു കുറയുകയാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍. കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി ഉദ്യോഗാര്‍ഥികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നവീന പരിശീലന പ്രോഗ്രാമുകളും കോഴ്‌സുകളും നടത്താനായി ആരംഭിക്കുന്ന പ്രോ അക്കാഡമിയുടെ ഉദ്ഘാടനം രാജഗിരിവാലിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ഒട്ടനവധി തൊഴിലവസരങ്ങളുണെ്ടങ്കിലും തൊഴിലിന് അനുയോജ്യരായവരുടെ സംഖ്യ പരിമിതമാണ്. നിലവില്‍ തൊഴില്‍ലഭ്യത നിരക്ക് അമേരിക്കയില്‍ 62 ശതമാനവും ചൈനയില്‍ 73 ശതമാനവും ഇന്ത്യയില്‍ 39 ശതമാനവുമാണ്. കൂടുതല്‍ ഫിനിഷിംഗ് സ്കൂളുകളാണ് കാലഘട്ടത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പഠനവും തൊഴിലും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാകാന്‍ ഫിനിഷിംഗ് സ്കൂളുകള്‍ക്കു കഴിയും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വ്യാവസായികരംഗത്തുണ്ടായ സാങ്കേതിക വളര്‍ച്ച വ്യവസായ മാനേജ്‌മെന്റ് മേഖലയില്‍ വലിയ തൊഴില്‍സാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കേരളത്തിലേക്ക് 2020ല്‍ അഞ്ചു ലക്ഷം ഐടി പ്രഫഷണലുകളെ ആവശ്യമായി വരും. നിലവാര തകര്‍ച്ച മൂലം ആവശ്യത്തിനുള്ള വിദഗ്ധരെ ലഭ്യമാക്കാനാകുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പ്രോ അക്കാഡമിയുടെ ലോഗോ അനാവരണം ചെയ്തു. ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അധിക വൈദഗ്ധ്യം നല്‍കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് അവര്‍ പറഞ്ഞു.

രാജഗിരി പ്രോ അക്കാഡമി തലവന്‍ റവ. ഡോ. ജെയ്‌സണ്‍ പോള്‍ മുളേരിക്കല്‍, രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. എ. ഉണ്ണികൃഷണന്‍, പ്രോ അക്കാഡമി സിഇഒ മുനീസ് റഹ്മാന്‍, പ്രോ അക്കാഡമി സിഎംഒ സാബു ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts