മേളപ്രമാണിത്വത്തിന്റെ മധുരപ്പതിനെട്ടില്‍ കുട്ടന്‍; ആറാംതമ്പുരാനായി അനിയന്‍

tcr-kuttanതൃശൂര്‍: ഒരു മേളവും ഒന്നിന്റെയും ആവര്‍ത്തനമല്ലെന്നു പത്മശ്രീ പെരു വനം കുട്ടന്‍മാരാരും, മേളത്തില്‍ പരിഷ്കാരങ്ങള്‍ക്കു സ്ഥാനമില്ലെന്ന് കിഴക്കൂട്ട് അനിയന്‍മാരാരും. തൃശൂര്‍പൂരത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് യഥാക്രമം പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ മേളപ്രമാണിമാരായ ഇരുവ രും മനസുതുറന്നത്.

പെരുവനം കുട്ടന്‍മാരാര്‍ തൃശൂര്‍പൂരം മേളത്തിന്റെ ഭാഗമായിട്ട് ഇതു 40-ാം വര്‍ഷമാണ്. പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം പ്രാമാണി ത്വം ഏറ്റെടുത്തിട്ട് ഇതു 18-ാം വര്‍ഷം. കഴിഞ്ഞ 17 വര്‍ഷമായികൂടെ പ്രവര്‍ത്തിക്കുന്ന 90 ശതമാനം കലാകാരന്മാരും ഇപ്പോഴും കൂടെയുണ്ട്. സംഘകലാകാരന്മാര്‍ പ്രമാണിയെ സഹായിക്കുമ്പോഴും അനുസരിക്കുമ്പോഴുമാണ് മേളം വിജയത്തില്‍ കലാശിക്കുന്നതെന്നു പെരുവനം പറയുന്നു.

ഏറെക്കാലം പാറമേക്കാവ് വിഭാഗത്തിനായി മേളത്തില്‍ ഒന്നിച്ചവരാണ് കുട്ടന്‍മാരാരും അനിയന്‍മാരാരും. കിഴക്കൂട്ട് അനിയന്‍മാരാര്‍ തിരുവമ്പാടി പഞ്ചവാദ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തിട്ട് ഇത് ആറാംവര്‍ഷമാണ്. പരീക്ഷണങ്ങള്‍, പരിഷ്കാരങ്ങള്‍, മേളാവര്‍ത്തനം, വൈവിധ്യം, പൂരംനടത്തിപ്പ്… ശ്രവണസുഭഗമായ ആ അഭിപ്രായങ്ങള്‍ കേള്‍ക്കാം…

പെരുവനം കുട്ടന്‍മാരാര്‍: മേളം ഒരു ശാസ്ത്രീയ കലയാണ്. ശാസ്ത്രീയമായി ചിട്ടപ്പെടുത്തി, രൂപംനല്കി, പരീക്ഷിച്ച് വിജയിച്ച് പൂര്‍വികര്‍ അന്തിമരൂപവും നല്കി ഉന്നതസ്ഥാനത്തെത്തിച്ച കലയാണ് മേളം. ഒരു കൊട്ടുപോലും മാറ്റി പരീക്ഷിക്കാന്‍ പറ്റാത്തവിധം അവര്‍ അതിനെ ശാസ്ത്രവത്കരിച്ചിട്ടുണ്ട്. ശാസ്ത്രത്തില്‍ ഉറച്ചുനിന്ന്, പഴമ നിലനിര്‍ത്തിയും പുതുമയോടെയും അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നത്.

ശാസ്ത്രീയമായ കലകളെ അങ്ങനെ തന്നെ അവതരിപ്പിക്കുക. മാറ്റങ്ങളില്‍ പ്രസക്തിയില്ല. വ്യക്തിക്കും മനോധര്‍മങ്ങള്‍ക്കും പ്രസക്തിയില്ല. മേളം സംഘകലയാണ്. ഒരാളുടെ വൈഭവം കൂടിയാലും കുറഞ്ഞാലും ഒന്നായിക്കൊണ്ടുവന്ന് മേളത്തിന്റെ ആസ്വാദനതലം ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്. അതുപാലിക്കുമ്പോഴാണ് മേളം മേളമാകുന്നത്. വ്യക്തിപരമായി ഉണ്ടാകുന്ന പരിഷ്കാരങ്ങള്‍ വെളുക്കാന്‍ തേച്ചതു പാണ്ട് എന്നപോലെ ആകും. അതിനു മുതിര്‍ന്ന ഘട്ടത്തിലേ ചിലര്‍ ആ പാണ്ട് മാച്ചുകളഞ്ഞിട്ടുണ്ട്. പരിഷ്കാരങ്ങള്‍ നൈമിഷികമായ ആസ്വാദനത്തിനേ ഉപകരിക്കൂ.

കിഴക്കൂട്ട് അനിയന്‍മാരാര്‍: പരിഷ്കാരങ്ങളോടു ഒട്ടും യോജിപ്പില്ല. പരീക്ഷണങ്ങള്‍ക്കു തയാറുമല്ല. പൂര്‍വികരായി ചിട്ടപ്പെടുത്തിയത് ഒരു അണുപോലും മാറ്റമില്ലാതെ നിലനില്ക്കുന്നുണ്ട്. വരുംതലമുറയ്ക്കു ഞങ്ങളാല്‍ കഴിയുംവിധം അതു പകര്‍ന്നുകൊടുക്കാനാണ് ശ്രമിക്കുന്നത്. പെരുവനം കുട്ടന്‍മാരാര്‍: മേളത്തിന്റെ ഒരു ഭാഗത്തും ആവര്‍ത്തനമില്ല. 14 അക്ഷരകാലത്തില്‍ പതിഞ്ഞ ടെംപോയിലാണ് പാണ്ടിമേളം തുടങ്ങുന്നത്. മേളം കാലമിട്ടുതുടങ്ങിയാല്‍ കുറുംകുഴുലൂതും. പതികാലത്തില്‍ തുടങ്ങുന്നതുമുതല്‍ കാലംകയറുന്നതുവരെ മേളത്തില്‍ വൈവിധ്യങ്ങളുണ്ട്. പുതിയ തലമുറയോ, പഴയ തലമുറയോ മേളം മടുത്തിട്ടുപോകില്ല. മേളം ആസ്വദിക്കുന്നവരും പഠിക്കുന്നവരും കൂടിവരികയാണ്.

പൂരപ്പൊലിമയും സുരക്ഷയും: എല്ലാ ഘടകങ്ങളും കൂടിച്ചേരുമ്പോഴേ പൂരം പൂരമാകുന്നുള്ളൂ. സംരക്ഷണത്തിനും സംഘാടനത്തിനും വിധേയമായി നിയമങ്ങള്‍ ഉണ്ടാകണം. അപകടങ്ങളോ, ദുരന്തങ്ങളോ ഏതുമായാലും മനുഷ്യനു തിന്മവരുത്തുന്ന ഒന്നും സഹിക്കാന്‍ കലാകാരന്‍ ഇഷ്ടപ്പെടുന്നില്ല. ആഘോഷങ്ങള്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തി നിയമങ്ങള്‍ കര്‍ശനമായി പാ ലിക്കുകയാണ് വേണ്ടത്.മേളത്തിലേ പരീക്ഷണങ്ങള്‍ പാടില്ലാത്തതുള്ളൂ. വെടിക്കെട്ടിലാകാം. ആവശ്യത്തിനു ശബ്ദവും വര്‍ണവും വേണം. തൊഴിലും അപകടങ്ങളും: അപകടങ്ങള്‍ തൊഴിലിനെ ബാധിക്കില്ല. തൃശൂര്‍പൂരത്തിനു തൊഴിലുമായി ബന്ധപ്പെട്ട് ഒരു അപകടവും ഒരു കലാകാരനും ഉണ്ടായിട്ടില്ല. ആനയായാലും വെടിക്കെട്ടായാലും സുരക്ഷിതമായ അകലത്തില്‍ നില്ക്കാന്‍ ശ്രമിക്കും. എല്ലാം സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചേ തൃശൂര്‍പൂരം കൊടിയിറങ്ങൂ.

ഉണരുന്നത് പൂരത്തിലേക്ക്… പൂരത്തലേന്ന് പാറമേക്കാവിലെത്തി എല്ലാം കണ്ട് പിറ്റേന്ന് പൂരമുണ്ടെന്ന് ഉറപ്പിച്ചാലേ കുട്ടന്‍മാരാര്‍ക്കു സമാധാനമുള്ളൂ. പിന്നെയേ സുഖമായി ഉറങ്ങൂ.     രാത്രി സുഖമായി ഉറങ്ങി രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ആറിനു വീട്ടില്‍നിന്നും ഇറങ്ങുന്നതാണ് അനിയന്‍ മാരാരുടെ പതിവ്. രാവിലെ ഏഴിനു തിരുവമ്പാടി ഭഗവതി പൂരത്തിനു പുറത്തേയ്ക്ക് എഴുന്നള്ളുമ്പോള്‍ എത്തണം.

കുട്ടന്‍മാരാര്‍ രാവിലെ ചേര്‍പ്പ്, പെരുവനം, തിരുവുള്ളക്കാവ് ക്ഷേത്ര ങ്ങളില്‍ ദര്‍ശനം നടത്തും. 11നു പാറമേക്കാവിലെത്തും. 12നു വിളക്കുവച്ച് ചെമ്പട കൊട്ടി എഴുന്നള്ളിപ്പിനു തയാറാകും. 12.30നു ഗോപുരത്തിനു പുറത്തുവരും. 12.30 മുതല്‍ 4.30 വരെയുള്ള സമയ ങ്ങളില്‍ ചെണ്ട തോളില്‍ നിന്നിറക്കുന്നത് അപൂര്‍വമായി മാത്രം. ആകാശവാണിയില്‍ തൃശൂര്‍പൂരം ലൈവ് തുടങ്ങുന്ന 2.10ന് ആദ്യമൊക്കെ ഇലഞ്ഞിച്ചുവട്ടില്‍ എത്തുമായിരുന്നു. ഇപ്പോള്‍ പാറമേക്കാവിന്റെ നടയില്‍വച്ചുതന്നെ 40ഓളം കുടകള്‍ മാറും. അതിനാല്‍ സമയത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയില്ലാതായി.

Related posts