കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി ഹൈവേ അഥോറിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പണിപൂര്ത്തിയാക്കേണ്ട സമയപരിധിയടക്കം അറിയിക്കാനാണ് കോടതി നിര്‍ദേശം. കരാര്‍ കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്.
അറ്റകുറ്റപ്പണി വളരെ സാവധാനമാണ് നടക്കുന്നതെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആമ്പല്ലൂരില്‍ 2024 സെപ്റ്റംബറില്‍ തുടങ്ങിയ പണികള്‍ ഇപ്പോഴും പ്രാരംഭദശയില്‍ തന്നെയാണെന്ന് കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിക്കുകയും ചെയ്തു.
തുര്‍ന്നാണ് കരാറിലെ സമയപരിധി അറിയിക്കാന്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊരട്ടിയില്‍ ഉള്‍പ്പെടെ ട്രാഫിക്ഗാര്ഡുകള് കുറവാണെന്നും കളക്ടര്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ആവശ്യത്തിന് വെളിച്ചവും സിഗ്നലുമില്ല. ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്ക് നോട്ടീസയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.നിലവില്‍ ആകെ 16ട്രാഫിക് വാര്‍ഡന്മാരാണുള്ളത്. 50 പേരെ കൂടി ലഭ്യമാക്കാന്‍ സംസ്ഥാന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പോരായ്മകളും പരിഹരിക്കുമെന്നും വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി തുടര്‍ന്ന് ഹൈവേ അഥോറിറ്റിയോട് നിര്‍ദ്ദേശിച്ചു.

