ശബരിമല: മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 350 പരിശോധനകള്‍ നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്കി. 292 ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഭക്ഷ്യ സംരംഭകര്‍ക്ക് എട്ട് ബോധവത്കരണ പരിപാടികളും രണ്ട് ലൈസന്‍സ് രജിസ്ട്രേഷന് മേളകളും സംഘടിപ്പിച്ചു.
മണ്ഡലകാലത്തോടനുബന്ധിച്ച് പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ലാബ് സജ്ജീകരിച്ച് പരിശോധനകളുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ പരിശോധന നടത്തി വരുന്നുണ്ട്.ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാനാകും.
കടയ്ക്കാട്ട് മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു
പന്തളം: കടയ്ക്കാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിവന്ന മൂന്ന് ഹോട്ടലുകള്‍ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിച്ചുവന്നിരുന്ന പ്രദേശത്താണ് ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കടകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് അനുമതിയും ഉണ്ടായിരുന്നു. ഭക്ഷണസാധനങ്ങള്‍ മോശമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതടക്കം പരിശോധനയില്‍ കണ്ടെത്തി.

