കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ് അയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പണം വാങ്ങിയത് ആരില്‍ നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്‍ നിന്നാണെന്ന് പുറത്തുവന്നാല്‍ ഇടപാടിന്റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും.
മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ നിന്നും പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന് പറയുന്ന എന്‍ഒസിയുടെ പേരില്‍ പിടിച്ചുനില്‍ക്കാനാകില്ല.എന്നാല്‍ തങ്ങള്‍ക്ക് ഇഡി അന്വേഷണത്തില്‍ അമിതാവേശം തോന്നുന്നില്ലെന്നും ഇത്തരം പല കേസുകളിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ കാതലായ പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ അന്വേഷണം പോകുമെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസ് ഇതിന് ഉദാഹരണമെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി.

