അമ്പലപ്പുഴ: പാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി. ജില്ലയിൽ കർഷകരെ കണ്ണീരിലാഴ്ത്തി നെല്ല് സംഭരണം പാളുന്നു. സംഭരിച്ചാലുടൻ നെല്ലിന്റെ വില നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് കടലാസിലൊതുങ്ങിയത്.
കർഷകർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൊയ്തെടുക്കുന്ന ആയിരക്കണക്കിന് ക്വിന്റൽ നെല്ല് മില്ലുടമകളുടെ പിടിവാശിയെത്തുടർന്ന് കെട്ടിക്കിടക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നിട്ടും മില്ലുടമകൾക്കായി നിലകൊള്ളുകയാണ് ഉദ്യോഗസ്ഥർ.
ഒരു മാസം മുൻപ് പുന്നപ്രയിൽ വെട്ടിക്കരി പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായി ആഴ്ചകൾക്കുശേഷമാണ് സംഭരണം നടന്നത്. സമാന ദുരവസ്ഥയാണ് ഇപ്പോൾ തകഴി കുന്നുമ്മയിലും കർഷകർ അനുഭവിക്കുന്നത്.
താളത്തിനൊത്ത്
ഇവിടെ രണ്ടാഴ്ച മുൻപ് കൊയ്ത്ത് പൂർത്തിയായെങ്കിലും ഇതുവരെ സംഭരണം നടന്നില്ല. റോഡരികിൽ കൂട്ടിയിട്ട ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മില്ലുടമകളുടെ താളത്തിനൊത്ത് ഉദ്യോഗസ്ഥർ നിൽക്കുന്നതാണ് നെൽ കർഷകരെ കണ്ണീരിലാഴ്ത്തുന്നത്.
ഈർപ്പമില്ലാത്ത നല്ല നെല്ലിന് പോലും പത്തു കിലോയിലധികം കിഴിവാണ് മില്ലുടമകളുടെ ഏജന്റുമാർ ആവശ്യപ്പെടുന്നത്. ഇതിന് കുടപിടിക്കുന്ന സമീപനമാണ് പാഡി ഓഫീസർമാരും സ്വീകരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടു കിലോ കിഴിവ് നൽകിയ പാടശേഖരങ്ങളിൽനിന്ന് ഇത്തവണ ഏഴു കിലോ വരെ കിഴിവാണ് മില്ലുകാർ ആവശ്യപ്പെടുന്നത്.
ജലരേഖയായി
കർഷകർക്കൊപ്പം ഇവരുടെ ദുരിതത്തിനു പരിഹാരം കാണാൻ കൂട്ടുനിൽക്കേണ്ട കൃഷി, സിവിൽ സപ്ളൈസ് വകുപ്പുദ്യോഗസ്ഥർ കർഷകരെ ദ്രോഹിക്കുകയാണ്. സ്വർണം പണയം വെച്ചും പലിശയ്ക്ക് പണമെടുത്തുമാണ് ഭൂരിഭാഗം കർഷകരും കൃഷിക്കിറങ്ങുന്നത്. എന്നാൽ, സംഭരണം വൈകുന്നതോടെ പണം ലഭിക്കാതെ വരുമ്പോൾ കർഷകർ ആത്മഹത്യയുടെ വക്കിലെത്തുകയാണ്.
സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ചവയെല്ലാം ജലരേഖയായി മാറി. മില്ലുടമകളുടെ ഏജന്റുമാരായി ഉദ്യോഗസ്ഥർ മാറിയിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരും വിവിധ വകുപ്പുകളും.

