കൊല്ലം: സ്ഥിരമായി പൊതുസ്ഥലത്ത് കൂട്ടം കൂടി മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചെന്ന വിരോധം നിമിത്തം പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായി.
തൃക്കടവൂർ പനമൂട് കരിക്കവയൽ വീട്ടിൽ ദീപു എന്ന ഹരിസുധൻ(45), തൃക്കടവൂർ മുരുന്തൽ സജന മൻസിലിൽ നസീർ(42), തൃക്കടവൂർ കുപ്പണ തങ്കത്തെക്കതിൽ സലീം(52), തൃക്കടവൂർ നീരാവിൽ മണ്ണൂർ വടക്കതിൽ സുജിത്ത് എന്ന പ്രമോദ്(33) തൃക്കടവൂർ നീരാവിൽ സിയാദ്(42), എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്.
പ്രതികൾ പതിവായി അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറ ഗ്രൗണ്ടിൽ വന്നിരുന്ന് മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിലുള്ള വിരോധമാണ് പൊലീസുകാരെ ആക്രമിക്കാൻ കാരണമാകുന്നത്.
പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് എഫ് ഐ ആർ. അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ ഇ.ബാബുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഗിരീഷ്, സഞ്ജയൻ സി പി ഒമാരായ ശിവകുമാർ, വിഗ്നേശ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.