പരവൂർ (കൊല്ലം): കരുനാഗപ്പള്ളി പാവുമ്പയിൽ വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.പാവുമ്പ സൗത്ത് പോണാൽ ക്ഷേത്രത്തിന് സമീപം ബിനു സദനത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ രാജാമണിയമ്മ (71)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴം രാവിലെ 11 – ഓടെയാണ് രാജാമണിയമ്മയെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മകൻ ബിനു സമീപത്തെ വീട്ടിലെത്തി മാതാവ് തൂങ്ങി നിൽക്കുന്നതായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അയൽവാസികൾ കരുനാഗപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു..സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
എന്നാൽ സമീപത്തെ മുറിയിൽ രക്തപ്പാടുകൾ കാണപ്പെട്ടിരുന്നു. ഇത് പോലീസിൽ ചില സംശയങ്ങൾ ജനിപ്പിച്ചിരുന്നു. അതിനാൽ മകൻ ബിനു പോലീസിൻ്റെ നിരീക്ഷണത്തിലുമായിരുന്നു.ഇന്നലെ രാജാമണിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയുണ്ടായി. ശരീരമാസകലം മർദനമേറ്റതായും . വാരിയെല്ല് പൊട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ബിനുവിനെ കസ്റ്റഡയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ഇയാൾ പോലീസിനോട് സമ്മതിച്ചത്. ഇയാൾ കഴിഞ്ഞ കുറെ മാസങ്ങളായി രാജാമണിയമ്മയെ മർദിക്കുന്നത് പതിവായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.