കോഴിക്കോട്: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പടി വിതരണം നടത്തുന്ന കരാറുകാര്‍ക്ക് കുടിശിക നല്കാന് 50 കോടി രൂപ ധനവകപ്പ് അനുവദിച്ചു. ഇതോടെ കഴിഞ്ഞ 12 മുതല്‍ നടത്തി വന്ന സമരത്തിനു വിരാമമായി. വിതരണം അവസാനിപ്പിക്കാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ധനകാര്യ വകുപ്പ് തുക അനുവദിച്ചത്.
കരാറുകാര്‍ക്ക് നാല് മാസത്തെ കരാര്‍ തുകയും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത തുകയില്‍നിന്ന് പ്രതിമാസം10 ശതമാനം തടഞ്ഞുവച്ചതും ഉള്‍പ്പെടെ 90 കോടി രൂപ നല്‍കാനുണ്ട്. ഇതിനെ തുടര്‍ന്നാണ് റേഷന്‍ വാതില്‍പടി കരാറുകാര്‍ സമരം തുടങ്ങിയത്.
സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് തീർന്നിരുന്നു. സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് കരാറുകാരുടെ സമരം മൂലം റേഷന്‍ മുടങ്ങുന്ന ദുരവസ്ഥയ്ക്ക് ജനങ്ങള്‍ വിധേയമാകുന്നത്.
ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഭക്ഷ്യമന്ത്രിയും ഇടപെടണമെന്ന് ഓള് കേരളാ റേഷന്‍ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു.