തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ആത്മഹത്യ ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീജയാണ് ജീവനൊടുക്കിയത്. സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും സംഘവും അപവാദപ്രചാരണങ്ങള്‍ നടത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ശ്രീജയുടെ ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചു.
വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ വ്യക്തിപരമായും രാഷ്ട്രീയമായും ശ്രീജയെ പ്രാദേശിക സിപിഎം നേതാക്കള്‍ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശ്രീജയുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മകളുടെ വിവാഹത്തിനും വേണ്ടി പണം കടം വാങ്ങിയിരുന്നു.
ഇതിന്റെ പേരില്‍ ശ്രീജയുടെ ഫോട്ടോ വച്ച് സിപിഎം പോസ്റ്ററുകള്‍ പതിക്കുകയും സിപിഎം പൊതുയോഗം വിളിച്ച് കൂട്ടി അപമാനിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതേ സമയം സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലെ വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച നാള് മുതല്‍ ശ്രീജയെ സിപിഎം തേജോവധം ചെയ്ത് വരികയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എംഎല്‍എ സ്റ്റീഫന്റെ നിര്‍ദേശാനുസരണമാണ് സിപിഎം നേതാക്കള്‍ വ്യക്തിഹത്യ നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആര്യനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ശ്രീജയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചു.