അധികൃതരുടെ അവഗണന; സിഗ്നല്‍ ലൈറ്റുകള്‍ നിലംപതിച്ചു

TCR-SINGNALLIGHTചാവക്കാട്: സെന്ററില്‍ ട്രാഫിക് ഐലന്‍ഡിനു സമീപം സ്ഥാപിച്ചിരുന്ന സിഗ്്‌നല്‍ ലൈറ്റ് കാറ്റില്‍ ഒടിഞ്ഞുവീണു, ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് സിഗ്നല്‍ ലൈറ്റിന്റെ പൈപ്പ് പകുതിയില്‍ മുറിഞ്ഞ് ലൈറ്റുമായി നിലംപതിച്ചത്. മഴയും ഉച്ചഭക്ഷണത്തിന്റെ സമയവുമായതിനാല്‍ തിരക്കേറിയ കവലയില്‍ ജനങ്ങള്‍ റോഡില്‍ ഇല്ലായിരുന്നു. പതിനാല് വര്‍ഷം മുമ്പ് 2002 മാര്‍ച്ചിലാണ് കെല്‍ട്രോണ്‍ ചാവക്കാട് അഞ്ചും കൂടിയ കവലയിലും മുതുവട്ടൂര്‍ മൂന്നുംകൂടിയ കവലയിലും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റുകള്‍ അധികം വൈകാതെ പ്രവര്‍ത്തനരഹിതമായി.

ആദ്യം പൂര്‍ണമായും പിന്നീട് ഭാഗികമായും പ്രവര്‍ത്തിച്ച ലൈറ്റുകള്‍ പൂര്‍ണമായും അണഞ്ഞപ്പോള്‍ കേടുപാടുകള്‍ തീര്‍ക്കണമെന്നും മാറ്റി സ്ഥാപിക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് ചില സംഘടനകള്‍ റീത്ത് സമര്‍പ്പവും നടത്തി. അറ്റകുറ്റപ്പണി നടത്തേണ്ടത് മുനിസിപ്പാലിറ്റിയാണെന്നും പോലീസാണെന്നും അതല്ല, പിഡബ്ല്യുഡിയാണെന്നും പരസ്പരം കുറ്റപ്പെടുത്തിയെങ്കിലും അധികൃതര്‍ ആരും തിരിഞ്ഞുനോക്കിയില്ല.

വെയിലും മഴയുംകൊണ്ട് നശിച്ച ലൈറ്റുകള്‍ കാലപഴക്കംകൊണ്ട് നിലംപതിക്കുമെന്ന് ദീപിക, രാഷ്ട്രദീപിക പത്രങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുപറഞ്ഞെങ്കിലും നടന്നില്ല. ലൈറ്റുകള്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പ് ദ്രവിച്ച് അപകടാവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒടുവില്‍ ഇന്നലെ ഉച്ചയ്ക്ക് നിലംപതിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന നിരീക്ഷണ കാമറയും വഴികാട്ടി ബോര്‍ഡും ഭാഗികമായി തകര്‍ന്നു. ഗതാഗതസമിതിയംഗം എം.കെ.സെയ്തലവിയുടെ നേതൃത്വത്തില്‍ പോലീസും കെഎസ്ഇബിയും വന്ന് നീക്കം ചെയ്തു.

Related posts