ഗുരുവായൂര്‍: തുര്‍ക്കിയില്‍ നടക്കുന്ന ലോക സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ മലയാളി താരം കെ.എസ്. അനന്തുവിന്റെ വെങ്കല മെഡല്‍ നേട്ടം നാടിനെ ആ ഹ്ലാദത്തിലാക്കി. തുര്‍ക്കിയിലെ ആഭ്യന്തര കലാപത്തെക്കുറിച്ചറിഞ്ഞ് ആശങ്കയിലായിരുന്നു നാട്ടുകാരും വീട്ടുകാരുമെല്ലാം. ഇതിനു വിരാമമായി മെഡല്‍ വാര്‍ത്ത എത്തിയതോടെ എല്ലാവരും ആഹ്ലാദത്തിലായി. ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും, സുഹൃത്തുക്കളും, ശ്രീകൃഷ്ണ സ്കൂളിലെ അധ്യാപകരും അനന്തുവിന്റെ വീട്ടിലെത്തി മധുര പലഹാര വിതരണം നടത്തി. പരിശീലകന്‍ സി.എം. നെല്‍സനെ ഇന്ത്യന്‍ ടീം മാനേജരാണ് ആദ്യം മെഡല്‍ വിവരം വിളിച്ചറിയിച്ചത്.
1.96 മീറ്റര്‍ മറികടന്നാണു വെങ്കലം നേടിയത്. ഏതാനും മാസംമുമ്പു നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ 2.08 ചാടി അനന്തു ദേശീയ റിക്കാര്‍ഡ് നേടിയിരുന്നു. തുര്‍ക്കിയിലെ ഇപ്പോഴത്തെ സാഹചര്യം കാരണമാണു ദേശീയ സ്കൂള്‍ മീറ്റിലെ നേട്ടം അനന്തുവിനു കൈവരിക്കാന്‍ കഴിയാതിരുന്നതെന്നു സി.എം. നെല്‍സന്‍ പറഞ്ഞു. ലോക മീറ്റില്‍ ഹൈജംപില്‍ കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ഥി അനന്തുവാണ്. 2013ലെ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയാണ് അനന്തുവിന്റെ കായിക കുതിപ്പു തുടങ്ങുന്നത്.
പിന്നീട് നടന്ന ദേശീയ- സംസ്ഥാന മത്സരങ്ങളില്‍ ഉയരത്തിലെ താരം അനന്തുവായിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും കഠിന പരിശീലനത്തിലൂടെയാണ് അനന്തു മിന്നും പ്രകടനത്തോടെ തുര്‍ക്കിയില്‍ താരമായത്. തുര്‍ക്കിയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി സ്വദേശി ഷാനവാസ് ഖാനും അനന്തുവിനൊപ്പം വെങ്കല മെഡല്‍ പങ്കിട്ടു. ഗുരുവായൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ശശി-നിഷ ദമ്പതികളുടെ മകനാണ് അനന്തു. ഗുരുവായൂരിലെത്തുന്ന അനന്തുവിനു വന്‍ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണു നാട്ടുകാരും ശ്രീകൃഷ്ണ സ്കൂള്‍ അധികൃതരും.