അപകടം വിതച്ച് ‘ന്യൂജെന്‍’ ബൈക്ക്-സ്കൂട്ടര്‍ യാത്രകള്‍

KKD-BIKEആലപ്പുഴ: ന്യൂജെന്‍കാരുടെ അപകടകരമായ ബൈക്ക്-സ്കൂട്ടര്‍ യാത്രകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി ആക്ഷേപം. പലപ്പോഴും ഇത്തരക്കാര്‍ ഹെല്‍മെറ്റ് ഇല്ലാതെയും അപകടകരമാം വിധം വേഗതയിലും അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയും വാഹനങ്ങള്‍ പായിക്കുമ്പോള്‍ നിരത്തുവക്കില്‍ നില്‍ക്കുന്നവരുടെയും ആധിയേറുകയാണ്. ഫുട്പാത്തുകള്‍ പോലും സുരക്ഷിതമല്ലാത്ത കാലത്താണ് ഇത്തരക്കാരില്‍ പലരും വലിയ വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റി പായുന്നത്. അമിതവേഗതയില്‍ വെട്ടിച്ചുവെട്ടിച്ചുള്ള ഇത്തരക്കാരുടെ യാത്രകള്‍ മറ്റുവാഹനയാത്രികരെയും ഭീതിയിലാഴ്ത്തുന്നു.

ഇവരുടെ ഭീകരയാത്രയില്‍ പെട്ടുപോകുന്നത് പാവം വഴിയാത്രികരും മര്യാദക്കാരായ ഇരുചക്രവാഹന യാത്രികരുമാണ്. പോലീസ് പരിശോധനകള്‍ പലയിടങ്ങളിലുമുണ്ടെങ്കിലും ഇത്തരക്കാര്‍ രക്ഷപ്പെട്ടു പോകുന്നു.തീരദേശ പാതയില്‍ പാച്ചിലിന്റെ അളവു വളരെ കൂടുതലുമാണ്. ആലപ്പുഴ നഗരപരിധിയിലും ഇതിനു കുറവില്ല. കഴിഞ്ഞദിവസം ആലപ്പുഴ ടൗണ്‍ഹാളിനു സമീപം ബൈക്കില്‍ കുടുംബസമേതം പോകുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ബൈക്കില്‍ ഇടതുവശത്തു കൂടി അമിതവേഗതയില്‍ പാഞ്ഞുവന്ന സ്കൂട്ടര്‍ തട്ടി. മാധ്യമപ്രവര്‍ത്തകനും ഭാര്യയും റോഡിന്റെ നടുവിലേക്കു തലയടിച്ചു വീണെങ്കിലും ബൈക്കിനു വേഗത കുറവായിരുന്നതിനാലും റോഡില്‍ വലിയ വാഹനങ്ങള്‍ തൊട്ടടുത്തില്ലാതിരുന്നതിനാലും ഭാഗ്യം കൊണ്ടു രക്ഷപ്പെടുകയായിരുന്നു. ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും സ്കൂട്ടറില്‍ പോയിരുന്ന വിരുതന്‍മാര്‍ രക്ഷപ്പെട്ടു.

ദിവസങ്ങള്‍ക്കു മുമ്പ് ദേശീയപാതയില്‍ പട്ടണക്കാട് മില്‍മയ്ക്കു സമീപവും അപകടമുണ്ടായിരുന്നു. മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ന്യൂജെന്‍ ബൈക്കാണ് ഇവിടെ അപകടത്തില്‍ പെട്ടത്. അമിതവേഗതയിലായിരുന്ന സംഘം  ഇടറോഡില്‍ വഴിയാത്രികനെ തട്ടിയിട്ട ശേഷം ഓടിച്ചുപോയി. പിന്നീട് അപകടവിവരം അറിയാന്‍ തിരിച്ചു വരുന്നതിനിടെ മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. രണ്ടുപേര്‍ തെറിച്ച് ഓടയിലും വീണു. ഇവിടേയും ഭാഗ്യത്തിന്റെ ആനുകൂല്യം ഇവരുടെ ജീവനെടുത്തില്ല. തീരദേശ പാതയില്‍ മരണം വിതച്ച ബൈക്ക് യാത്രകള്‍ നേരത്തെ ഏറെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട. മഴയും കൂടി ഉള്ളതിനാല്‍ അപകട സാധ്യതകള്‍ ഏറെയുണ്ടെന്ന മുന്നറിയിപ്പുകളും വകവയ്ക്കാതെയാണ് മിന്നല്‍പാച്ചില്‍.

Related posts