അമലയില്‍ അത്യപൂര്‍വ രക്തരഹിത ശസ്ത്രക്രിയ

TCR-DOCTORതൃശൂര്‍: അത്യപൂര്‍വ രക്തരഹിത ശസ്ത്രക്രിയയിലൂടെ അമല മെഡിക്കല്‍ കോളജില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു.    പൊന്നാനി കാട്ടിലകം വീട്ടില്‍ സല്‍മ(36)യ്ക്കാണ് എന്‍ഡോവാസ്കുലര്‍ ബലൂണ്‍ ഒക്കല്‍ഷണ്‍ ഓഫ് അയോര്‍ട്ട ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും പൂര്‍ണ സുരക്ഷിതരാണിപ്പോള്‍.

ശസ്ത്രക്രിയ നടത്താനുള്ള അവയവത്തിലേക്കു രക്തയോട്ടം നിര്‍ത്തിവച്ചു രക്തസ്രാവം ഇല്ലാതാക്കിക്കൊണ്ടു നടത്തുന്ന നൂതന ചികിത്സാ രീതിയാണിത്. ചിലപ്പോള്‍ മറുപിള്ള കുട്ടിയുടെ മുമ്പിലായി ഗര്‍ഭപാത്രത്തിന്റെ താഴെ കാണപ്പെടാറുണ്ട്. സിസേറിയന്‍ ചെയ്തിട്ടുള്ള ഗര്‍ഭ പാത്രത്തില്‍ ഇതു കൂടുതലായി കാണാം. സല്‍മയുടെ മുന്‍ പ്രസവങ്ങള്‍ രണ്ടും സിസേറിയന്‍ ആയിരുന്നു. സല്‍മയുടെ പ്ലാസന്റ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തേക്കു വളര്‍ച്ച പ്രാപിക്കുകയും മൂത്രാശയത്തിലേക്കും ചുറ്റുപാടുമുള്ള ശരീര ഭാഗങ്ങളിലേക്കു വളരുകയും ചെയ്തിരുന്നു.

ഇത്തരത്തിലുള്ള രോഗികള്‍ക്കു ശസ്ത്രക്രിയാ സമയത്ത് അമിത രക്തസ്രാവത്തെ തുടര്‍ന്നു മരണംവരെ സംഭവിക്കാറുണ്ട്. മഹാധമനിയില്‍ ഒരു ബലൂണ്‍ കടത്തി രക്തസ്രാവം തത്കാലത്തേക്കു നിര്‍ത്തിവച്ചാണു മൂത്രനാളത്തിന്റെ അപകടം ഒഴിവാക്കാന്‍ സ്റ്റെന്റ് ചെയ്തത്. ഗൈനക്കോളജി ഡോക്ടര്‍മാരായ പി.എസ്. രമണി, ടോണി, ശോഭ വേണുഗോപാല്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോര്‍ജ്, യൂറോളജി ഡോക്ടര്‍മാരായ ഹരികൃഷ്ണന്‍, ബിനു ജോസ്, അനസ്തറ്റിസ്റ്റ് ഡോ. ജോയ് ജോണ്‍ എന്നിവര്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കി.

Related posts