ആലപ്പുഴ പ്രസ്ക്ലബിലെ അതിക്രമം : രണ്ട് അഭിഭാഷകര്‍ക്കെതിരേ കേസ്

all-pressclubആലപ്പുഴ: ആലപ്പുഴ പ്രസ്ക്ലബിനുള്ളില്‍ അതിക്രമിച്ചുകയറി ബോര്‍ഡ് നശിപ്പിച്ച കേസില്‍ രണ്ട് അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ മന്നത്തുവാര്‍ഡില്‍ സംഗീത്‌വീട്ടില്‍ ജയദേവന്‍(29), പൂന്തോപ്പ്‌വാര്‍ഡില്‍ മിഥില വീട്ടില്‍ അഭിലാഷ് സോമന്‍ (28) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിഷാനിയമം 447, 427, 294 (ബി) വകുപ്പുകള്‍ പ്രകാരം അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.

കഴിഞ്ഞ ജൂലൈ 22നു ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചു പ്രസ്ക്ലബിന്റെയും ബാര്‍അസോസിയേഷന്റെയും നേതൃത്വത്തില്‍ ആലപ്പുഴയില്‍ രാവിലെ പ്രകടനങ്ങള്‍ നടന്നിരുന്നു.  ഇതിനുശേഷമാണ് രണ്ടംഗസംഘം പ്രസ്ക്ലബ് കെട്ടിടത്തില്‍ അതിക്രമിച്ചുകയറി അസഭ്യവര്‍ഷം ചൊരിയുകയും ഫഌക്‌സ് ബോര്‍ഡ് കീറി നശിപ്പിക്കുകയും അതില്‍ ബാര്‍ അസോസിയേഷന്‍ വക എന്ന് പേപ്പറില്‍ എഴുതി ഒട്ടിക്കുകയും ചെയ്തത്.

സംഭവത്തില്‍ ബാര്‍ അസോസിയേഷനു പങ്കില്ലെന്ന് ഭാരവാഹികള്‍ സംഭവസ്ഥലത്തെത്തി വ്യക്തമാക്കിയിരുന്നു. മന:പൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കാന്‍ പ്രതികള്‍ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നെന്നാണ് സൂചന. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി നോര്‍ത്ത് എസ്‌ഐ ഭുവനചന്ദ്രബാബു പറഞ്ഞു.

Related posts