ആലുവയില്‍ പോലീസിന്റേയും നഗരസഭയുടെയും ബോട്ടുകള്‍ നശിക്കുന്നു

EKM-BAOTറിയാസ് കുട്ടമശേരി

ആലുവ: ലക്ഷങ്ങളുടെ നഷ്ടക്കണക്കുകള്‍ പുറത്തുവരുമ്പോഴും ആലുവയില്‍ പോലീസിന്റെയും നഗരസഭയുടെയും ബോട്ടുകള്‍ കരയില്‍ കിടന്നു നശിക്കുന്നു.  വിനോദസഞ്ചാരത്തിനായി നഗരസഭ വാങ്ങിയ ബോട്ട് കുട്ടികളുടെ പാര്‍ക്കിന്റെ കടവില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പെരിയാറിലെ അനധികൃത മണല്‍ക്കൊള്ള തടയാനായി പോലീസ് എത്തിച്ച ബോട്ടിനാകട്ടെ കൊട്ടാരക്കടവിലാണ് വിശ്രമം. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ വന്നുപോകുന്ന ആലുവ പാലസിനു സമീപം കിടന്നു നശിക്കുന്ന ഈ പൊതുമുതലുകള്‍ കണ്ടിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.

പെരിയാറില്‍ അനധികൃത മണല്‍വാരല്‍ രൂക്ഷമായതോടെയാണ് ഡിപ്പാര്‍ട്ടുമെന്റ് ആലുവ പോലീസിനു ബോട്ടുകള്‍ നല്കിയത്. ഇതിനായി പ്രത്യേകം ഡ്രൈവര്‍മാരെയും അനുവദിച്ചിരുന്നു. റൂറല്‍ ജില്ലാ പോലീസിന്റെ പരിധിയിലെ വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ മാറിമാറിയായിരുന്നു പെരിയാറില്‍ ബോട്ടില്‍ കറങ്ങി റെയ്ഡ് നടത്തിയിരുന്നത്. എന്നാല്‍ മണല്‍ ലോബിയുടെ സമ്മര്‍ദം മൂലം പിന്നീടിത് ഇല്ലാതായി. ഇതിനിടയില്‍ മണല്‍മാഫിയ തന്നെ ബോട്ടിനു കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇതോടെ പോലീസിന്റെ ബോട്ടുകള്‍ പ്രവര്‍ത്തനം നിലച്ചു.

ഇടവേളയ്ക്കുശേഷം ആലുവയില്‍ അനധികൃത മണല്‍വാരല്‍ പുനരാരംഭിച്ചിരുന്നു. കഴിഞ്ഞദിവസം മണപ്പുറം ഭാഗത്ത് മണല്‍വാരുന്നതറിഞ്ഞ് ആലുവ ഈസ്റ്റ് പോലീസ് എത്തിയെങ്കിലും മണല്‍ ലോബി വഞ്ചിയുമായി കടന്നുകളയുകയായിരുന്നു. പോലീസിനാകട്ടെ ഇത് കരയില്‍നിന്ന് നിസഹായതയോടെ കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളൂ. ഈ അവസരം മുതലെടുത്താണ് മണപ്പുറം ഭാഗം, മംഗലപ്പുഴ പാലത്തിനു സമീപം, പരുന്തുറാഞ്ചി മണപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മണല്‍ക്കൊള്ള വീണ്ടും ശക്തമാക്കിയിരിക്കുന്നത്. പ്രവര്‍ത്തിക്കാത്ത ബോട്ടുകള്‍ കൊണ്ട് എങ്ങനെ ഇതിനെ നേരിടും എന്ന ആശങ്കയിലാണ് പോലീസ്. ബോട്ട് പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്കിയതായി എസ്‌ഐ ഹണി കെ. ദാസ് പറയുന്നു.

അഞ്ചരലക്ഷം രൂപയോളം നഗരസഭയ്ക്ക് നഷ്ടമുണ്ടാക്കിയ ബോട്ടിന്റെ സ്ഥിതിയും പരമദയനീയമാണ്.  കുട്ടികളുടെ പാര്‍ക്കില്‍ നിന്നും പെരിയാറിലൂടെ വിനോദയാത്ര നടത്താനാണ് ബോട്ടുകള്‍ വാങ്ങിയത്. 1998-99ല്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ബോട്ട് ഇടപാടില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായി ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തുകയും മുന്‍ ചെയര്‍മാന്‍മാരടക്കമുള്ളവരില്‍ നിന്നും നഷ്ടമായ തുക ഈടാക്കണമെന്ന് ഉത്തരവുണ്ടാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കടുത്ത നഷ ്ടം വരുത്തിയ ബോട്ട്  കടവില്‍കിടന്നു നശിച്ചിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയില്ല.

പോലീസിന്റെയും നഗരസഭയുടെയും കൂടാതെ ഡിടിപിസിയുടെയും വക ബോട്ടുകള്‍ ആലുവയിലുണ്ട്.  ആലുവ പാലസില്‍ എത്തുന്ന വിഐപികള്‍ക്കുവേണ്ടിയാണ് ഇത് കൊട്ടാരക്കടവില്‍ സൂക്ഷിച്ചിരിക്കുന്നത്. ആവശ്യക്കാരില്ലാത്തതിനാല്‍ ഈ ബോട്ടുകളും നാശത്തിലേക്കു തന്നെയാണ് നീങ്ങുന്നത്.  പൊതുഖജനാവിനു നഷ്ടം വരുത്തി ഇത്തരം പൊതുമുതലുകള്‍ നശിക്കുമ്പോഴും അധികൃതരുടെ അനാസ്ഥ ജനത്തിന് ആശ്ചര്യമാണ് ഉണ്ടാക്കുന്നത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനധൂര്‍ത്ത് നടത്തിയ പദ്ധതികളാണ് പാതിവഴിയില്‍ ഉപേക്ഷിച്ച് വെള്ളത്തിലിട്ടിരിക്കുന്നത്. പെരിയാറിലെ ഓളപ്പരപ്പിലൂടെ ഈ ബോട്ടുകളൊന്ന് ഓടാന്‍ കൊതിക്കുകയാണ് ജനം.

Related posts