ഇതു റോഡോ, ചെളിക്കുളമോ? പൊതുമരാമത്ത് വകുപ്പ് അവഗണന : എടത്വ-നീരേറ്റുപുറം റോഡ് പൂര്‍ണമായും തകര്‍ന്നു

alp-cheliroadഎടത്വ: അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാനപാതയിലെ എടത്വ-നീരേറ്റുപുറം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും ജനങ്ങളും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കാതായതോടെ തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് യാത്രക്കാര്‍. റോഡിലെ ചെളിയില്‍ താണ് വാഹനങ്ങളും കാല്‍ നടയാത്രക്കാരും  ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പെടെ ദിനവും നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്.

സ്കൂളിലേക്ക് സൈക്കിളില്‍ ാേപകുന്ന കുട്ടികളില്‍ പലരും  ചെളിയില്‍ കുളിച്ചാണ് സ്കൂളില്‍ എത്തുന്നത്. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലോടെ തകര്‍ന്ന റോഡാണ് മഴ ശക്തിപ്രാപിച്ചതോടെ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ദേശീയ പാതയെയും എം.സി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിരുവല്ല- അമ്പലപ്പുഴ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ ജീവഭയത്തോടെ വേണം ഈ അഞ്ച് കിലോമീറ്റര്‍ ദൂരം കടക്കാന്‍.

ഒരുവര്‍ഷം മുമ്പ് ഒന്നേകാല്‍ മീറ്റര്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പത്തടി താഴ്ചയില്‍ വെട്ടിപൊളിച്ചതോടെ റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നിരുന്നു. മഴശക്തി പ്രാപിച്ചതോടെ റോഡിലെ കുഴിയില്‍ വെള്ളം കെട്ടിക്കിടന്നതോടെയാണ് പൂര്‍ണ തകര്‍ച്ചയിലേക്ക് റോഡ് എത്തിയത്. പൈപ്പ് ലൈനിനായി കുഴിച്ച സ്ഥലത്ത് ഗ്രാവലിന് പകരം ചെളി ഇറക്കിയതുമൂലം  അമിതലോഡ് കയറ്റി വരുന്ന വാഹനങ്ങളും, നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും ചെളിയില്‍ താഴുകയാണ്. പൈപ്പ് ലൈന്‍ ബന്ധിപ്പിക്കാത്ത സ്ഥലങ്ങളില്‍ കുഴി മൂടിയിട്ടില്ല. വെട്ടുതോട് പാലം മുതല്‍ നീരേറ്റുപുറം ജംഗ്ഷന്‍ വരെയാണ് കൂടുതല്‍ ദുരിതം.

ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത രീതിയില്‍ തകര്‍ന്ന ഇവിടെ വാഹന അപകടങ്ങള്‍  നിത്യസംഭവമായി മാറിക്കഴിഞ്ഞു. റോഡ് തകര്‍ന്നതുമൂലം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പലതവണ നിര്‍ത്തിവെച്ച റൂട്ടില്‍ പൈപ്പ് സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പുനര്‍ നിര്‍മിക്കാനുള്ള നടപടി പിഡബ്ല്യുഡി സ്വീകരിച്ചില്ല. ജല വിഭവ വകുപ്പും, പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിപറഞ്ഞ് പരാതിക്കാരുടെ കണ്ണില്‍ പൊടിയിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാളിനും, ചക്കുളത്തുകാവ് പൊങ്കാലയ്ക്കും എത്തിയ തീര്‍ത്ഥാടകരെ തകര്‍ന്ന ഈ റോഡ് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപെട്ട് പലതവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.  നിവേദനവും പരാതിയും സര്‍ക്കാര്‍ ചെവിക്കൊള്ള ാതായതോടെ പൊതുപ്രവര്‍ത്തകരും റോഡ് പുനര്‍ നിര്‍മാണം സംബന്ധിച്ച നടപടിയെ കൈയ്യൊഴിഞ്ഞ സ്ഥിതിയിലാണ്. ചെളിയില്ലാത്ത മണ്ണ് ഇട്ട് ഇപ്പോഴത്തെ കുഴിയെങ്കിലും അടച്ചില്ലെങ്കില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലാണ്.

Related posts