വണ്ടിത്താവളം: ചിതലരിച്ചു ദുര്‍ബലമായ മരത്തിന്റെ കൊമ്പ് അടര്‍ന്നുവീണ് എച്ച്ടി ലൈനുകള്‍ മുറിഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ തങ്കം തിയേറ്ററിനു സമീപത്താണ് മരക്കൊമ്പ് വീണത്. കമ്പികള്‍ കൂട്ടിയിടിച്ചു വൈദ്യുതിപ്രവാഹം നിലച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. അപകടസമയത്ത് റോഡില്‍ വാഹനങ്ങളും ഉണ്ടായിരുന്നില്ല. മരം മുറിച്ചുമാറ്റി പത്തുമണിക്കൂറിനുശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
വണ്ടിത്താവളം മുതല്‍ നെല്ലിമേടുവരെ അമ്പതോളം ഉണക്കമരങ്ങള്‍ അപകട ഭീഷണിയിലാണ്. കാലവര്‍ഷം ആരഭിച്ചാല് ബലക്ഷയമുള്ള മരങ്ങള്‍ നിലംപതിക്കുമോയെന്ന ആശങ്കയിലാണ് വാഹന, വഴിയാത്രക്കാര്‍.തൃശൂര്‍-പൊള്ളാച്ചി അന്തര്‍സംസ്ഥാന പാതയായതിനാല്‍ നൂറുക്കണക്കിനു ചരക്കുലോറികളും നിരവധി ഇതരവാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡിലാണ് അപകടഭീഷണിയില്‍ ഉണക്കമരങ്ങളുള്ളത്.
കാലവര്‍ഷാരംഭത്തിനു മുമ്പ് ഉണക്കമരങ്ങളുടെ കൊമ്പുകള്‍ മുറിച്ചു മാറ്റാറുണ്ടെങ്കിലും ഇത്തവണ വൈദ്യുതി ജീവനക്കാര്‍ ഈ ജോലി തുടങ്ങിയിട്ടില്ല. പത്തോളം സ്കൂള്‍ വാഹനങ്ങളും ഇതുവഴി പതിവായി സഞ്ചരിക്കുന്നുണ്ട്. നിലംപതിക്കാറായ നിലയിലുള്ള മരക്കൊമ്പുകള്‍ മുറിച്ചു നീക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.