പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി കോളനികളില്‍ വൈദ്യസഹായം എത്തിക്കുന്നതിന് എംപിയുടെ വികസന നിധി ഉപയോഗിച്ച് അഞ്ച് ആംബുലന്‍സുകള്‍ വാങ്ങി നല്‍കുമെന്ന് ആന്റോ ആന്റണി എംപി. ഇതുസംബന്ധിച്ച നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ആംബുലന്‍സിന്റെ നടത്തിപ്പ് സംബന്ധിച്ച ചെലവുകള്‍ പട്ടികജാതി വകുപ്പും കോളനി സന്ദര്‍ശനം നടത്തുന്നതിനാവശ്യമായ മരുന്ന് ഉള്‍പ്പെടെ മറ്റു ചെലവുകള്‍ ആരോഗ്യ വകുപ്പും നല്‍കുന്ന രീതിയിലാണ് പദ്ധതി. ആംബുലന്‍സുകള്‍ ഉപയോഗിച്ച് പട്ടികജാതി കോളനികളില്‍ വൈദ്യസഹായം എത്തിക്കുന്നതിനുള്ള ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) നിര്‍വഹിക്കും.
അഞ്ച് ആംബുലന്‍സുകളില്‍ ഒന്ന് ഏറ്റവും ആധുനികമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉള്ളതായിരിക്കും. രക്തപരിശോധന നടത്തുന്നതിനുള്ള കിറ്റും എംപി ഫണ്ടില്‍ നിന്നും വാങ്ങി നല്‍കും. ഇതിനു പുറമേ പൊതുവിഭാഗത്തില്‍ ജില്ലയിലെ അഞ്ച് അശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് ഓരോ ആംബുലന്‍സ് നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.