കളമശേരി: പെരിയാറില്‍ അപകട മരണങ്ങളും വ്യവസായ മലിനീകരണവും വര്‍ധിക്കുമ്പോഴും ഏലൂര്‍ പോലീസ് സ്റ്റേഷനിലെ നിരീക്ഷണ ബോട്ട് ഒരു വര്‍ഷം നീണ്ട വിശ്രമത്തില്‍. പെരിയാറില്‍ നിരീക്ഷണം നടത്താനും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി അനുവദിച്ച ബോട്ടാണ് ഉപയോഗശൂന്യമായിരിക്കുന്നത്. ബോട്ട് നന്നാക്കണമെന്നറിയിച്ചപ്പോള് തിരിച്ചയക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഒരു പോലെ വെല്ലുവിളി ഉയരുമ്പോഴും പെരിയാറിന് തീരത്തെ ഈ പോലീസ് സേനയെ സുസജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണ് പരാതി. കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കേണ്ടതിന്നു പകരം ഉള്ളവ ഇല്ലാതാക്കുകയാണെന്നാണ് ആക്ഷേപം.
ഏതാനും ദിവസം മുമ്പ് പെരിയാറില്‍ പത്തൊമ്പത് കാരന് മുങ്ങി മരിച്ചപ്പോഴും ഏലൂര്‍ ഫയര്‍ ഫോഴ്സിനെപ്പോലെ ഏലൂര്‍ പോലീസ് സംഘത്തിനും നിസഹായരായി നില്‍ക്കാനേ സാധിച്ചുള്ളൂ. പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ ഏലൂര്‍ പോലീസ് സേനയുടെ കയ്യില്‍ പ്രത്യേകിച്ച് ഒന്നുമില്ല. അനുവദിച്ച ബോട്ടാണെങ്കില്‍ കേടായതിനെ തുടര്‍ന്ന് സ്റ്റേഷനു പിന്നില്‍ കയറ്റിയിട്ടിരിക്കുകയാണ്. ഉപയോഗശൂന്യമാകുന്നതിന് മുമ്പ് ബോട്ട് വെള്ളം തൊടുന്നതും അപൂര്‍വ്വമായിരുന്നു. ഇന്ധനം നിറയ്ക്കാനുള്ള തുക ലഭ്യമല്ലാതിരുന്നതാണ് കാരണം.
നൂറു കണക്കിന് വ്യവസായ ശാലകളും പെരിയാറിലെ മാലിന്യ നിക്ഷേപവും പരിഗണിച്ച് ഏലൂര്‍ പോലീസ് സ്റ്റേഷനെ ആധുനികവല്‍ക്കരിക്കണമെന്ന് ജനങ്ങള്‍ക്ക് അഭിപ്രായപ്പെടുന്നുണ്ട്. ഏത് തരത്തിലുമുള്ള അടിയന്തിര ഘട്ടമായാലും രക്ഷാപ്രവര്‍ത്തനത്തിന് ആരംഭമിടേണ്ടതും നേതൃത്വം നല്‍കേണ്ടതും ഏലൂര്‍ പോലീസ് സേനയാണ്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന ആധുനിക ഉപകരണങ്ങള്‍ അനുവദിക്കുകയും പരിശീലനം നല്‍കുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സമാന അവസ്ഥയില്‍ തന്നെയാണ് ഏലൂരിലെ ഫയര്‍ഫോഴ്സും കടന്നു പോകുന്നത്. നീന്തല്‍ വിദഗ്ദ്ധനായി ഒരു ഫയര്മാന് മാത്രമേ ഇവിടെയുള്ളൂ. ആഴത്തിലുള്ള തെരച്ചില്‍ നടത്താന്‍ കല്ലേറ്റുംകരയില്‍ നിന്നുള്ള സംഘത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെയാണ് സ്കൂബ ഡൈവ് സംഘം ഉള്ളത്. അതേ സമയം കേടായ ബോട്ട് ഫോര്‍ട്ട് കൊച്ചിയിലേക്ക് തിരികെ നല്‍കാനാണ് നിര്‍ദ്ദേശമെന്ന് ഏലൂര്‍ എസ്.ഐ എസ്.പി സുജിത്ത് പറഞ്ഞു. പുതിയത് അനുവദിക്കുമോയെന്നറിയില്ലെന്ന് എസ്.ഐ അറിയിച്ചു.