ഐ ഫോണെന്ന പേരില്‍ യുവാവിനെ ചൈനീസ് മൊബൈല്‍ നല്കി പറ്റിച്ചു

alp-mobileആലപ്പുഴ: ഐ ഫോണ്‍ നല്കാമെന്ന പേരില്‍ പണം വാങ്ങിയശേഷം യുവാവിനെ ചൈനീസ് മൊബൈല്‍ ഫോണ്‍ നല്കി കബളിപ്പിച്ചെന്ന് പരാതി.  മലപ്പുറം സ്വദേശിയും പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയുമായ യുവാവാണ് കബളിപ്പിക്കലിന് ഇരയായത്. ഓണ്‍ലൈന്‍ സൈറ്റ് മുഖേനയാണ് യുവാവ് ഫോണ്‍ വാങ്ങുന്നതിനായി ബന്ധപ്പെട്ടത്.

മൂന്നു ആപ്പിള്‍ ഫോണുകള്‍ 45,000 രൂപയ്ക്ക് നല്കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്‍പ്രകാരം ഇവര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു. ഇന്നലെ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് മൊബൈല്‍ ഫോണ്‍ കൈമാറാമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇതിന്‍ പ്രകാരം ബസ് സ്റ്റാന്‍ഡിലെത്തിയ യുവാവിന് ഫോണുകള്‍ അടങ്ങിയ പെട്ടി മറ്റൊരു യുവാവ് നല്കുകയും പെട്ടെന്ന് തന്നെ ഇയാള്‍ ബസില്‍ കയറി പോകുകയും ചെയ്തു. ബോക്‌സ് തുറന്നപ്പോഴാണ് 2000 രൂപ വിലവരുന്ന രണ്ട് ചൈനീസ് ഫോണുകള്‍ ഐ ഫോണിന് പകരം വച്ചിരിക്കുന്നത് കണ്ടത്.  തുടര്‍ന്ന് യുവാവ് സൗത്ത് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. കബളിപ്പിച്ചവരുടെ മൊബൈല്‍ നമ്പര്‍ മാത്രമാണ് യുവാവിന്റെ കൈയിലുണ്ടായിരുന്നത്. ഇത് ട്രേസ് ചെയ്താലേ സംഭവത്തിന് പിന്നിലാരാണെന്ന് വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.

Related posts