ഓട്ടോക്കാരുടെ നല്ല മനസ്… സഹപ്രവര്‍ത്തകന് വീട് നിര്‍മിച്ച് നല്‍കി ഓട്ടോക്കാരുടെ കൂട്ടായ്മ

KNR-AUTO-STANDതളിപ്പറമ്പ്: സ്വന്തമായി വീടില്ലാത്ത സഹപ്രവര്‍ത്തകന് പതിനൊന്ന് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കി തളിപ്പറമ്പിലെ സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (എസ്ടിയു) മാതൃകയായി. മരുന്ന് വിതരണം, ചികില്‍സാ സഹായം, റിലീഫ് പ്രവര്‍ത്തനം തുടങ്ങി നിരവധി സാന്ത്വന പരിപാടികള്‍ സംഘടിപ്പിച്ച ഈ ഓട്ടോറിക്ഷാ കൂട്ടായ്മയുടെ സ്വപ്‌നപദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.  ഒന്നുമില്ലായ്മയില്‍ നിന്നാരംഭിച്ച പദ്ധതി പൂര്‍ത്തിയാവുന്നത് പന്നിയൂര്‍ പള്ളിവയലില്‍ പതിനൊന്ന് ലക്ഷം ചെലവില്‍ നിര്‍മിച്ച മനോഹരമായ വീടിന്റെ രൂപത്തിലാണ്.

യൂണിയന് കീഴിലെ കനിവ് റിലീഫ് സെല്ലാണ് നിര്‍മാണ മേല്‍നോട്ടം വഹിച്ചത്. വീട് നിര്‍മിച്ചുതരുമെന്ന് സഹപ്രവര്‍ത്തകന് ഉറപ്പ് നല്‍കുമ്പോള്‍ ഏത് വിധത്തിലും ഇത് പൂര്‍ത്തിയാക്കി നല്‍കുമെന്ന ദൃഢനിശ്ചയം മാത്രമായിരുന്നു എസ്ടിയു പ്രവര്‍ത്തകരുടെ കൈമുതല്‍. നഗരപ്രദേശത്ത് സ്ഥലത്തിനുള്ള വില വളരെ കൂടുതലായതിനാലാണ് പന്നിയൂര്‍ പള്ളിവയലില്‍ സ്ഥലമെടുത്തത്. വൈദ്യുതിയില്ലാത്ത പ്രദേശമായതിനാല്‍ നിര്‍മാണത്തിനാവശ്യമായ വെള്ളം എത്തിക്കലായിരുന്നു സംഘാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്.

ആദ്യഘട്ടത്തില്‍ വെള്ളം വിലകൊടുത്ത് വാങ്ങേണ്ടിവന്നുവെങ്കിലും വീട്  നിര്‍മാണം പുരോഗമിച്ചതോടെ കുഴല്‍കിണറും കുഴിച്ചുനല്‍കി. എസ്ടിയു നേതാവും തളിപ്പറമ്പ് നഗരസഭാ സ്ഥിരം സമിതി ചെയര്‍മാനുമായ സി. ഉമ്മറാണ് പദ്ധതിയുടെ ചെയര്‍മാന്‍. നൗഷാദ് പുതുക്കണ്ടം-കണ്‍വീനര്‍, കെ.വി.കെ.അയൂബ്-ബില്‍ഡിംഗ് ചെയര്‍മാന്‍ എന്നിവരോടൊപ്പം കെ.പി. മുഹമ്മദ് റാഫി, സി. താജുദ്ദീന്‍, കെ.എസ്. ഹിളര്‍, അയൂബ്ചപ്പന്‍, കെ. മുഹമ്മദ് റാഷിദ്, എം. റഷീദ്, പി.വി. അനസ്, നൗഷാദ് അരിയില്‍, കെ. ഹാരീസ്, പി.പി. ഹാരിസ് എന്നിവരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

തളിപ്പറമ്പ് ടൗണ്‍സ്ക്വയറില്‍ 28 ന് വൈകുന്നേരം നാലിന്  നടക്കുന്ന എസ്ടിയു തളിപ്പറമ്പ് മുന്‍സിപ്പല്‍ ഏരിയാ കമ്മറ്റി 26-ാം വാര്‍ഷിക സമ്മേളനത്തില്‍ വീടിന്റെ താക്കോല്‍ദാനം നടക്കും. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ദാനകര്‍മം നിര്‍വഹിക്കും. എസ്ടിയു ദേശീയ സെക്രട്ടറി എം. റഹ്മത്തുള്ള, മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ എം.എ. കരീം എന്നിവര്‍ പ്രസംഗിക്കും.

Related posts