കുറ്റിയാടി: ഓണപരീക്ഷ പടിവാതില്‍ക്കല്‍ എത്തിയിട്ടും കുന്നുമ്മല്‍ ഉപജില്ലയിലെ ഏതാനും സ്കൂളുകളില്‍ ഇതുവരെയും പാഠപുസ്തക വിതരണം പൂര്‍ത്തിയാ ക്കാത്തതില്‍ പ്രതിഷേധം ശക്തം. ഉപജില്ലയിലെ ചില പഞ്ചായത്തുകളിലെ സ്കൂളുകളില്‍ മൂന്നാംക്ലാസിലെ ഇംഗ്ലീഷും, ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സും, ഏഴാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ സയന്‍സ് പാഠപുസ്തകങ്ങളുമാണ് ഇതുവരെയും എത്താത്തത്.
പാഠപുസ്തകങ്ങള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് മറിച്ചു വിറ്റതാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിഇഒ തലത്തില്‍ അന്വേഷണവും പുസ്തകങ്ങളുടെ കണക്കെടുപ്പും നടന്നിരുന്നു. പാഠപുസ്തകവുമായി ബന്ധപ്പെട്ട് ചാര്‍ജുള്ള ടെക്സ്റ്റ് ബുക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ സെക്രട്ടറിമാര്‍ നല്കിയ കണക്കിലെ പൊരുത്തക്കേടാണ് പാഠപുസ്തകങ്ങള്‍ ലഭിക്കത്തതിന് കാരണമെന്ന് അധികൃതര്‍ പറയുമ്പോഴും ഇനി പുസ്തകങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന.
ഓണ പരീക്ഷ അടുത്തെത്തിയിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാത്തതില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കടുത്ത പ്രതിസന്ധിയിലാണ്. പാഠപുസ്തക വിതരണം ചെയ്യാത്തതില്‍ കെപിഎസ്ടിഎ കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. കെ.നാണു അധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ്, ഏലിയാറ ആനന്ദന്‍, കെ.കെ.പാര്‍ഥന്‍, അനൂപ് കാരപ്പറ്റ, കെ.ടി.രവീന്ദ്രന്‍, വി.വിജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.