കനിവുള്ളവരുടെ കരുണതേടി നിര്‍ധനകുടുംബം;ശരീരം തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവും, കാന്‍സര്‍ ബാധിതയുമായ ഭാര്യയും ചിക്തസയ്ക്കായി സഹായം തേടുന്നു

SAHAYANതൊടുപുഴ: ഒന്നരവര്‍ഷമായി ശരീരം തളര്‍ന്നുകിടക്കുന്ന ചുമട്ടുതൊഴിലാളിയും കാന്‍സര്‍ രോഗിയായ ഭാര്യയും കരുണ തേടുന്നു. തൊടുപുഴ പട്ടാണിക്കുന്ന് മാവേലിക്കുന്നേല്‍ വി.എച്ച് നാസറും(55) ഭാര്യ സീനത്തുമാണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്. ഒന്നരവര്‍ഷം മുമ്പ് മുതലക്കോടത്തിനടുത്ത് പട്ടയംകവലയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടമാണ് നാസറിനെ തീരാദുരിതത്തിലാക്കിയത്. അപകടത്തില്‍ നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. തലയിലെ ഞരമ്പുകള്‍ക്കുണ്ടായ തകരാര്‍ മൂലമാണ് ശരീരം തളര്‍ന്നുപോയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വളരെ കഷ്ടപ്പെട്ടാണ് മക്കളായ ഷിജിനയേയും ഷെമീനയേയും വിവാഹം കഴിപ്പിച്ചയച്ചത്. പട്ടാണിക്കുന്നില്‍ ആകെയുള്ള മൂന്നുസെന്റ് സ്ഥലത്ത് ചെറിയൊരു വീടും നിര്‍മിച്ചു. ഇതിനുശേഷമാണ് അപകടമുണ്ടായതും കിടപ്പിലായതും. പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാന്‍ പോലും രണ്ടുപേരുടെ സഹായം നാസറിനു വേണം. അതിനാല്‍ ആഹാരം കഴിക്കാന്‍ പോലും നാസര്‍ വിമുഖത കാട്ടുകയാണ്.

നസീറിന്റെ ഭാര്യ സീനത്ത് കാന്‍സര്‍ രോഗം പിടിപെട്ട് അഞ്ചുവര്‍ഷത്തോളമായി ചികിത്സയിലാണ്. തൊടുപുഴ എക്‌സൈസ് ഓഫീസിനു സമീപം സീനത്ത് നടത്തുന്ന പെട്ടിക്കടയാണ് ഈ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. ഇതില്‍നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് നിത്യച്ചെലവും ഭാരിച്ച ചികിത്സാചെലവും കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ഇവര്‍. ഇരുവരുടെയും മരുന്നിനും മറ്റുമായി മാസം 20,000 രൂപയില്‍ കൂടുതല്‍ വേണം.

പട്ടാണിക്കുന്നിന്റെ മുകളിലുള്ള വീട്ടില്‍നിന്ന് ഇടുങ്ങിയ വഴിയിലൂടെ ആശുപത്രിയിലേക്കുള്ള യാത്ര ശ്രമകരമായതിനാല്‍ പലപ്പോഴും ഡോക്ടര്‍ വീട്ടിലെത്തിയാണ് നാസറിനെ പരിശോധിക്കുന്നത്. സീനത്തിന്റെ ആരോഗ്യം കൂടി മോശമായി വരുന്നതിനാല്‍ ഭാവി ഇവരുടെ മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. നാസറിന്റെ ചികിത്സാ സഹായത്തിനായി തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ ബിന്‍സി അലി കണ്‍വീനറായി നാസര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ ശാഖയില്‍ സീനത്ത് നാസര്‍ എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 851710110002005 ഐഎഫ്എസ്‌സി കോഡ്: ബികെഐഡി 0008517. ഫോണ്‍: 9656567490.

Related posts