അഴീക്കോട്: കുട്ടികളുടെ പ്രായത്തിലും കവിഞ്ഞ ധൈര്യവും പ്രായോഗിക ബുദ്ധിയും സൃഹൃത്തായ ഏഴു വയസുകാരനു തുറന്നു നല്‍കിയത് ജീവിതത്തിലേക്കുള്ള പുതുവഴി. കിണറ്റില്‍ വീണ കളിക്കൂട്ടുകാരനാണ് അഞ്ചും എട്ടും വയസുള്ള കുട്ടികള്‍ രക്ഷകരായത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്തു നിന്നും കളിക്കുന്നതിനിടെ ഏഴുവയസുകാരനായ അഴീക്കോട് ഓലാടത്താഴയിലെ നബീസിന്റെ മകനും അക്ലിയത്ത് എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ഇബ്രാഹിം (ഏഴ്) ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.
നിറയ വെള്ളമുള്ള കിണറ്റില്‍ വീണ ഇബ്രാഹിമിന്റെ നിലവിളി കേട്ട് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന ആംഗന്‍വാടിയിലെ വിദ്യാര്‍ഥിയും ഓലാടത്താഴയിലെ റാഫിദ്-ആബിത ദമ്പതികളുടെ അഞ്ചു വയസുകാരനായ മുഹമ്മദും സുഹൃത്തായ കക്കാട് ഭാരതീയ വിദ്യാഭവനിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും ഓലാടത്താഴയിലെ ബബീറിന്റെ മകനുമായ എട്ടുവയസുകാരന്‍ സുഹൈറും ഓടിയെത്തി. കളിക്കൂട്ടുകാരന്‍ കിണറിന്റെ പടയില്‍ പിടിച്ചു നില്‍ക്കുന്നതു കണ്ട ഇരുവരും കമിഴ്ന്നു കിടന്ന് കിണറ്റിലേക്ക് കൈനീട്ടി ഇബ്രാഹിമിനെ പിടിച്ചു കയറ്റുകയായിരുന്നു.
ബഹളംകേട്ട് നാട്ടുകാര്‍ എത്തും മുമ്പ് ഇബ്രാഹിമിനെ ഈ കൊച്ചുമിടുക്കന്മാര്‍ കരയ്‌ക്കെത്തിച്ചിരുന്നു. രക്ഷകനായെത്തിയ ആംഗന്‍വാടി വിദ്യാര്‍ഥി മുഹമ്മദിന്റെ അഞ്ചാം പിറന്നാള്‍ കൂടിയായിരുന്നു ശനിയാഴ്ച. ജീവിതത്തില്‍ എന്നും ഓര്‍ക്കാനുള്ള പിറന്നാള്‍ മധുരമായിട്ടാണ് മുഹമ്മദിന്റെ വീട്ടുകാര്‍ ഇതിനെ കാണുന്നത്.