കാണാതായ കുറ്റിക്കോല്‍ സ്വദേശിയുടെ മൃതദേഹം കിണറ്റില്‍; സുഹൃത്ത് അറസ്റ്റില്‍

ktm-arrestതളിപ്പറമ്പ്: കാണാതായ കുറ്റിക്കോല്‍ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കിണറ്റില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പറശിനിക്കടവ് എയുപി സ്കൂളിലെ അറ്റന്‍ഡര്‍ കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ (34) മൃതദേഹമാണ് ദേശീയപാതയില്‍ കുറ്റിക്കോലിനടുത്ത് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുടെ കിണറ്റില്‍ ഇന്നലെ രാവിലെ പതിനൊന്നോടെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബക്കളം നെല്ലിയോട് സ്വദേശി കാശിനാഥന്‍ എന്ന രാകേഷിനെയാണ് തളിപ്പറമ്പ് പോലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ഇന്നലെ രാത്രി എട്ടരയോടെ അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിനായിരുന്നു രജീഷിനെ കാണാതായത്.

രജീഷിനെ കൊലപ്പെടുത്തിയ ശേഷം സൗദി അറേബ്യയിലേക്ക് കടന്ന രാകേഷിനെ അവിടെയുള്ള സഹോദരന്‍ മുന്‍കൈയെടുത്താണ് നാട്ടിലേക്ക് കയറ്റിവിട്ടതെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് പോലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് വിമാനമിറങ്ങി പുറത്തുവന്ന ഉടന്‍തന്നെ എയര്‍പോര്‍ട്ട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയായിരുന്നു. രാത്രി തന്നെ തളിപ്പറമ്പിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരികയാണ്. രജീഷിനെ കാറില്‍ കയറ്റിക്കൊണ്ടു പോയ ശേഷം പറശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം വച്ച് കാറിലിട്ടു കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.

കൊലയക്കു ശേഷം കത്തി ഇവിടെ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള അമ്മാനപ്പാറയിലെ ഒരു റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കത്തി കണ്ടെത്താന്‍ ്പ്രതിയുമായി പോലീസ് അമ്മാനപാറയിലെത്തി തെരച്ചില്‍ നടത്തും. കൊല നടത്തുമ്പോള്‍ രാകേഷിനൊപ്പം മറ്റു രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നതായി സൂചനയുണ്ട്. അഞ്ചിന് രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട രജീഷ് പറശിനിക്കടവിലെ സ്കൂളിലെത്തി ഒപ്പിട്ടുവെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരം ഒരു സുഹൃത്തിന്റെ മകളുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ചിന് രാത്രി തന്നെ രജീഷിനെ കൊലപ്പെടുത്തിയെന്നാണ് പ്രഥമിക വിവരം. കൃത്യം നിര്‍വഹിച്ചശേഷം രാകേഷ് ആറിനു വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. ബക്കളത്തെ ഒരു ടാക്‌സി ഡ്രൈവറില്‍ നിന്ന് വാടകയ്‌ക്കെടുത്ത അംബാസിഡര്‍ കാറിനുള്ളിലാണ് കൊല നടത്തിയതെന്ന് കരുതുന്നു. ചോരക്കറപുരണ്ട കാര്‍ പാപ്പിനിശേരിയിലെ ഒരു വാട്ടര്‍ സര്‍വീസ് സെന്ററില്‍ കഴുകിയശേഷമാണ് തിരിച്ചേല്‍പ്പിച്ചത്. കാറിന്റെ സീറ്റുകവര്‍ മാറിയതു കണ്ട് വിവരം തിരക്കിയ കാറുടമയോട്  അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയിലെത്തിക്കേണ്ടി വന്നതിനാല്‍ ചോരപുരണ്ട കവര്‍ മാറ്റുകയായിരുന്നുവെന്നാണ് രാകേഷ് പറഞ്ഞതത്രെ.

ആദ്യം ഇതേക്കുറിച്ച് സംശയം തോന്നാതിരുന്ന അദ്ദേഹം രജീഷിനെ കാണാതായത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ചിലരോട് സംഭവം സൂചിപ്പിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് രണ്ടുദിവസം മുമ്പ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. കാറില്‍ ചോരക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. കടുത്ത ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ ൃതദേഹം കണ്ടത്. കിണറ്റില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ഷര്‍ട്ടുണ്ടായിരുന്നില്ല. ഇത് കിണറ്റിന്‍ കരയില്‍ വച്ച് കത്തിച്ചതായി വ്യക്തമായിട്ടുണ്ട്. നെഞ്ചത്തും വയറ്റിലും കുത്തേറ്റ നിലയില്‍ കണ്ട മൃതദേഹത്തിന്റെ മുഖത്തും പരിക്കുണ്ട്. ഒന്‍പത് ദിവസത്തോളം പഴക്കം മൃതദേഹത്തിനുണ്ടെന്ന് പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

പൊതുവെ ആള്‍പ്പെരുമാറ്റം കുറഞ്ഞ ഈ പ്രദേശത്തേക്ക് 90 മീറ്റര്‍ ദൂരം നടന്നെത്താനുണ്ട്. അതുകൊണ്ടു  മൃതദേഹം കാറില്‍ കൊണ്ടുവന്ന് കിണറ്റില്‍ ഉപേക്ഷിച്ചതാകാന്‍ തന്നെയാണ് സാധ്യതയെന്നും  ഇതിന് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് രാത്രി കാലങ്ങളില്‍ ഒത്തുകൂടുന്ന ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകത്തിനുശേഷം രജീഷിന്റെ ഫോണ്‍ രാകേഷ് ഉപയോഗിച്ചിരുന്നു. ഇതില്‍നിന്ന് സൈബര്‍ സെല്ലിന് സിഗ്നല്‍ ലഭിച്ചിരുന്നു. അന്വേഷണം മുറുകിയതോടെ ഫോണ്‍ ഒഴിവാക്കുകയായിരുന്നു. രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് ബക്കളം കടമ്പേരി റോഡിലെ രണ്ട് സിസിടിവി കാമറകള്‍ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പരിശോധനകള്‍ നടന്നുവരികയാണ്.  പരേതനായ പി.പി. ലക്ഷ്മണന്‍-രാധ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട രജീഷ്.സഹോദരങ്ങള്‍: ധനീഷ്(ബഹറിന്‍), ജിനേഷ് (എയര്‍ ഫോഴ്‌സ്). പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ നെല്ലിയോട്ട് മടയിച്ചാല്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.

Related posts