കാവാലത്തിന്റെ സ്വപ്നം അരങ്ങേറി; മഞ്ജു വാര്യര്‍ ശകുന്തളയായി; ആസ്വാദകമനം നിറഞ്ഞു

tvm-manjuതിരുവനന്തപുരം: കാവാലം സ്മരണകള്‍ ഉണര്‍ത്തിയ അരങ്ങില്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ശകുന്തളയായി വേഷമിട്ടു. മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിന് കാവാലം ചമച്ച പരിപ്രേക്ഷ്യം ആസ്വദിക്കാന്‍ തലസ്ഥാനത്തെ സാംസ്കാരിക ലോകം തിങ്ങിനിറഞ്ഞ സായാഹ്നത്തില്‍, മലയാളത്തിന്റെ നാടകാചാര്യന്റെ അവസാന സ്വപ്നം അരങ്ങേറി. വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ പ്രൗഡ ഗംഭീരമായ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കാവാലത്തിന്റെ സഹധര്‍മിണി ശാരദാമണിയും ചേര്‍ന്നാണ് നാടകാവതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയാണ് അഭിജ്ഞാന ശാകുന്തളത്തിന്റെ അവതരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാവാലം ഈ ഘട്ടത്തില്‍ ഇല്ലെന്നുള്ളതു ദുഃഖകരമാണ്. അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഈ അവതരണം. കാവാലത്തിന്റെ വേര്‍പാടിന് ശേഷവും ഈ സംരംഭം ഉപേക്ഷിക്കാതെ അരങ്ങില്‍ എത്തിച്ച കുടുംബാംഗങ്ങളെയും കലാകാരന്മാരെയും അഭിനന്ദിക്കുന്നതായും പിണറായി പറഞ്ഞു.

കാവാലം നാരായണപ്പണിക്കരുടെ മകന്‍ കാവാലം ശ്രീകുമാറിന്റെ ശ്ലോകാവതരണത്തോടെയാണ് നാടകം ആരംഭിച്ചത്. ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയും വിരഹവും പുനസമാഗമവും കാവാലത്തിന്റെ രംഗവ്യഖ്യാനത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്നു. ശകുന്തളയായി നടി മഞ്ജു വാര്യര്‍ അരങ്ങു തകര്‍ത്തപ്പോള്‍ ദുഷ്യന്തനായി അരങ്ങിലെത്തിയത് ഗിരീഷ് സോപാനം. സംസ്കൃത നാടകത്തില്‍ നായികയായുള്ള മഞ്ജുവിന്റെ അരങ്ങേറ്റം കൂടിയായിരുന്നു കാവാലത്തിന്റെ ശാകുന്തളമെന്നതും കാണികള്‍ക്കു പുതുമ പകരുന്നതായി.

ശിവകുമാര്‍, കോമളന്‍ നായര്‍, മോഹിനി, കൃഷ്ണ, കീര്‍ത്തന, മണികണ്ഠന്‍, ശ്രീകാന്ത്, ഷാരോണ്‍, രഘു, പ്രവീണന്‍ എന്നിവരായിരുന്നു മറ്റഭിനേതാക്കള്‍. ഗായകന്‍—  അനില്‍കുമാര്‍. രാംദാസ്, മനേഷ എന്നിവര്‍ വാദ്യം. വീണ-സൗന്ദര്‍രാജന്‍ എന്നിവരായിരുന്നു അണിയറയില്‍.

Related posts