കാട്ടാക്കട: എസ്ബിടിയില്‍ കളക്ഷന്‍ തുക അടക്കാന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ബാങ്ക് വിസമ്മതിച്ചതായി പരാതി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ പതിനഞ്ചാം തീയതിയിലെ കളക്ഷന്‍ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഇന്നലെ എസ്ബിടിയില്‍ എത്തിയപ്പോള്‍ അധികൃതര്‍ തുക സ്വീകരിക്കാന്‍ തയാറാകാതെ വൈകിപ്പിച്ചതായി ഡിടിഒ പി .രാജന് പറഞ്ഞു .
അഞ്ചേകാല്‍ ലക്ഷത്തോളം രൂപയുടെ കളക്ഷനാണ് ചൊവാഴ്ച ഉണ്ടായിരുന്നത്. ലഭിച്ച തുക അധികവും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ്. തുക അടക്കാന്‍ എത്തിയ സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരോട് സമ്മതപത്രം എഴുതി നല്‍കിയാലേ തുക സ്വീകരിക്കാനാകു എന്ന് പറഞ്ഞു. സര്‍ക്കാര്‍ കണക്കില്‍പ്പെട്ട തുക അടക്കുവാന്‍ സാധാരണ ജനങ്ങളില്‍ നിന്നും വാങ്ങുന്നത് പോലെ സമ്മതപത്രം വാങ്ങുകയും ഉദ്യോഗസ്ഥരെ മനപൂര്‍വം ബാങ്കില്‍ വൈകിപ്പിക്കുകയും ചെയ്ത നടപടിയില്‍ കെഎസ്ആര്‍ടി യൂണിയന് പ്രതിഷേധിച്ചു.
അതെ സമയം ബാങ്കിലെ നിലവിലെ തിരക്കുകളാണ് നടപടികള്‍ വൈകാന്‍ കാരണം എന്നും ആരോപണങ്ങളില്‍ കഴമ്പില്ല എന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു . കഴിഞ്ഞ ദിവസം തന്നെ കെഎസ്ആര്‍ടിസി, കെഎസ്ഇബി അധികൃതരോട് അടക്കുന്ന തുകയുടെ ഡിനോമിനേഷന് രേഖപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സമ്മതപത്രം ഒപ്പിട്ടു ഹാജരാക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പ്രകാരം ഇന്നലെ കെഎസ്ഇബി സമ്മതപത്രം ഹാജരാക്കിയിരുന്നു.എന്നാല്‍ കെഎസ്ആര് ടിസി ഇത് അവഗണിക്കുകയായിരുന്നു. ഇതിനെ തുര്‍ന്ന് സമ്മതപത്രം എത്തിക്കുവരെയുള്ള സമയം മാത്രമാണ് വൈകിയതെന്നും ബാങ്ക് മാനേജര്‍ മോഹന്‍ദാസ് പറഞ്ഞു.