കൊല്ലങ്കോട്: കൊല്ലങ്കോട് സ്റ്റാന്‍ഡില്‍ ബസുകള്‍ എത്താത്തിനെ തുടര്‍ന്നു അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് വാടക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.ബസ് സ്റ്റാന്‍ഡിനകത്തുള്ള പത്തു വ്യാപാര സ്ഥാപനങ്ങളാണ് ബസുകളും യാത്രക്കാരും സ്റ്റാന്‍ഡിനകത്തു വരാത്തതുമൂലം അടച്ചിട്ടിരിക്കുന്നത്. ബസ്സ്റ്റാന്‍ഡ് റോഡ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ ഉണ്ടായതോടെ ബസുടമകള്‍ സ്റ്റാന്‍ഡിലേക്കുള്ള ഓട്ടം നിര്‍ത്തി.
ഗര്‍ത്തങ്ങളില്‍ ബസിറങ്ങി യന്ത്രത്തകരാര്‍ ഉണ്ടാകുന്നതിനു പുറമേ കമ്പികളില്‍ ഇടിച്ച് യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുന്നതും പതിവായതാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ കാരണം.ബസ് സ്റ്റാന്‍ഡ് റോഡ് പുനര്‍നിര്‍മാണം നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യാത്രക്കാരും വ്യാപാരികളും നിരന്തരം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുചിതമായ കാരണങ്ങള്‍ പറഞ്ഞ് അവഗണിക്കുകയാണെന്നാണ് ആരോപണം.
സ്റ്റാന്‍ഡില്‍ ബസ് വരാത്തതിനാല്‍ കൈക്കുഞ്ഞുങ്ങളുമായി വെയിലില്‍ റോഡില്‍ നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പത്തോളം വ്യാപാരികളുടെ കുടുംബങ്ങളും വരുമാനമില്ലാതെ ദുരിതത്തിലാണ്.