കൊല്ലമുള ജലപദ്ധതി വെച്ചൂച്ചിറ പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നാവശ്യം

alp-waterവെച്ചൂച്ചിറ: വെച്ചൂച്ചിറയിലെ ജലവിതരണ പ്രതിസന്ധികള്‍ക്ക് പരിഹാരമായി പമ്പാനദിയില്‍ നിന്നുള്ള എരുമേലി പദ്ധതിയുടെ ഭാഗമായ നിര്‍ദിഷ്ട കൊല്ലമുള ജലപദ്ധതി വിപുലീകരിച്ച് വെച്ചൂച്ചിറ പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നാവശ്യം. വെച്ചൂച്ചിറ പദ്ധതിയിലെ പമ്പിംഗ് തകരാറുകള്‍ മൂലവും വേനലില്‍ പെരുന്തേനരുവിയിലെ കിണറ്റിലെ ജലലഭ്യതക്കുറവും പരിഗണിക്കുമ്പോള്‍ കൊല്ലമുള പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് ഭാവിയില്‍ വെച്ചൂച്ചിറ നിവാസികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് നിര്‍ദേശം.

നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന എരുമേലി ജലവിതരണ പദ്ധതിയുമായി ബന്ധിപ്പിച്ചാണ് കൊല്ലമുള ജലപദ്ധതി സ്ഥാപിക്കുന്നത്. എരുമേലി പദ്ധതിക്കു പമ്പാനദിയില്‍ പെരുന്തേനരുവിക്ക് മുകള്‍ഭാഗത്തുള്ള ഇടത്തിക്കാവില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. എരുമേലി എംഇഎസ് കോളജിനു സമീപം നിര്‍മിച്ചിട്ടുള്ള പ്ലാന്റില്‍ വെള്ളം ശുദ്ധീകരിച്ച് സംഭരണിയിലെത്തിക്കും. ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്ന പൈപ്പിലൂടെ വെള്ളം വെണ്‍കുറിഞ്ഞിയില്‍ നിര്‍മിക്കുന്ന കിണറ്റിലെത്തിക്കും.

തുടര്‍ന്നു തലമുട്ടിയാനിപ്പാറ, വെണ്‍കുറിഞ്ഞി, കുരിശുമല  സംഭരണികളില്‍ വെള്ളമെത്തിച്ച് വെച്ചൂച്ചിറ പഞ്ചായത്തിലെ മൂന്നു മുതല്‍ ഒമ്പതു വരെയുള്ള വാര്‍ഡുകളില്‍ വിതരണം നടത്തുകയാണ് ലക്ഷ്യം. തലമുട്ടിയാനിപ്പാറയില്‍ നിര്‍മിക്കുന്ന സംഭരണിയില്‍ നിന്നു വെച്ചൂച്ചിറ പദ്ധതിയുടെ സംഭരണികളിലും സ്വഭാവികമായി വെള്ളമെത്തിക്കാനാകും. പെരുന്തേനരുവിയിലെ കിണറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്ത് ആശ്രമം പ്ലാന്റില്‍ ശുദ്ധീകരിച്ചാണ് വെച്ചൂച്ചിറ, പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളിലെ  ഭാഗികമായ പ്രദേശങ്ങളില്‍ ഇപ്പോള്‍ ജലവിതരണം നടത്തുന്നത്.

വെച്ചൂച്ചിറ പദ്ധതിക്കായി വാളനാട്ടുപറമ്പിലും  നിരവിലുമാണ് ഈ മേഖലയില്‍ സംഭരണികളുള്ളത്. കൊല്ലമുള പദ്ധതിയുടെ തലമുട്ടിയാനിപ്പാറ സംഭരണിയില്‍ നിന്നു മോട്ടോറിന്റെ സഹായമില്ലാതെ തന്നെ  നിരവ് സംഭരണിയില്‍ വെള്ളമെത്തിക്കാന്‍ കഴിയും. ഇവിടെ നിന്നും മറ്റു സംഭരണികളിലേക്കും വെള്ളം കൊണ്ടുപോകാനാകുമെന്നാണ് കണക്കുകൂട്ടല്‍. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി അരുവിക്ക് 600 മീറ്റര്‍ മുകള്‍ഭാഗത്താണ് തടയണ നിര്‍മാണം പൂര്‍ത്തിയായി വരുന്നത്.

തടയണയില്‍ നിന്നും കനാല്‍ വഴിയാണ് പമ്പ് ഹൗസില്‍ വെള്ളമെത്തിക്കുന്നത്. ഇതുമൂലം നദിയിലൂടെയുള്ള സ്വഭാവിക നീരൊഴുക്ക് കുറഞ്ഞാല്‍ വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. ഈ ആശങ്കയ്ക്കും പരിഹാരമായി നിര്‍ദിഷ്ട കൊല്ലമുള പദ്ധതിയുടെയും വെച്ചൂച്ചിറ ജലവിതരണ പദ്ധതിയെയും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts